എസി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി, മാധ്യമങ്ങൾ കള്ളപ്രചാരവേല നടത്തുന്നു: എം വി ഗോവിന്ദൻ
കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) റെയ്ഡ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിനെ ലക്ഷ്യംവച്ച് കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും നടത്തിയ കള്ളപ്രചാരണങ്ങളുടെ തനിയാവർത്തനമാണ് നടക്കുന്നതെന്നും എ കെ ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസ് അന്വേഷിച്ച് പൂർത്തിയാക്കിയതാണ്. അതിൽ എ സി മൊയ്തീനെക്കുറിച്ചുള്ള പരാമർശമുണ്ടായിരുന്നില്ല. ഇ ഡി ചോദ്യം ചെയ്യുക പോലുമുണ്ടായിട്ടില്ല. എന്നിട്ടും വലിയ വാർത്തയായി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ ഇ ഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിട്ടും മാധ്യമങ്ങൾ അത് വാർത്തയാക്കിയില്ല.
മുൻ മന്ത്രിയായ എ സി മൊയ്തീനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന രീതിയാനുള്ളത്. ഇ ഡി പണം പിടിച്ചെടുത്തുവെന്ന് പറയുന്നു. എന്നാൽ ആരുടെ കൈയിൽനിന്നെന്ന വിവരമില്ല. എ സി മൊയ്തീന്റെ കയ്യിൽനിന്ന് എന്താണ് കണ്ടെത്തിയെന്നും പറയുന്നില്ല. കള്ളപ്രചാരവേലയാണ് നടക്കുന്നത്. ഇ ഡി കേരളത്തിൽ വരുമ്പോൾ കോൺഗ്രസിന് പ്രശ്നമില്ല. അവർക്കെതിരെ വരുമ്പോൾ മാത്രമാണ് പ്രശ്നം.
എ സി മൊയ്തീന്റെ വീട്ടിൽ നടന്ന റെയ്ഡ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഏജൻസികൾ പ്രവർത്തിക്കുകയും തിരക്കഥകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്നതിന്റെ തനിയാവർത്തനമാണ് ഇപ്പോഴത്തേതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പുതുപ്പള്ളിയിൽ എളുപ്പത്തിൽ ജയിക്കാമെന്നാണ് കോൺഗ്രസ് കരുതിയത്. അവരിപ്പോൾ സഹതാപ തരംഗമുണ്ടാക്കാൻ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടണം. മുഖ്യമന്ത്രി പിണറായി വിജയൻ ആറിടങ്ങളിൽ കൂടി പ്രചാരണത്തിനെത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.