കരുവന്നൂര്‍ തട്ടിപ്പ്; എറണാകുളത്തും തൃശൂരിലും ബാങ്കുകളില്‍ റെയ്ഡ് തുടരുന്നു, ഒമ്പതു ബാങ്കുകളില്‍ എന്‍ഫോഴ്‌മെന്റ് പരിശോധന
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ ബാങ്കുകളില്‍ ഇന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പടെ ഒമ്പതു ബാങ്കുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
ഇന്ന് രാവിലെ ഇഡിയുടെ നാല്‍പ്പതംഗ സംഘം കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലെത്തി ഒരേസമയം പരിശോധന ആരംഭിക്കുകയായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി നടത്തിയ അന്വേഷണത്തില്‍ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു. തട്ടിപ്പ് നടത്തി ലഭിച്ച പണം മറ്റ് സഹകരണ ബാങ്കുകള്‍ ഉപയോഗിച്ച് വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതില്‍ അയ്യന്തോള്‍ സഹകരണ ബാങ്കുവഴി മാത്രം ഒന്നരക്കോടിയോളം രൂപയുടെ ഇടപാട് നടന്നെന്നാണ് ഇഡിക്ക് കേസിലെ പ്രധാന പ്രതിയായ സതീഷ്‌കുമാര്‍ നല്‍കിയ മൊഴി.
ബാങ്കുകളിലെ രേഖകളും, ഇടപാടുകളുടെ വിവരങ്ങളും ഇഡി സംഘം പരിശോധിക്കും. ഏതെങ്കിലും വിവരങ്ങള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ കേസിലെ ബിനാമികള്‍ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും,
ആധാരം എഴുത്തുകാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. നാളെ മുന്‍മന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇഡിയുടെ വ്യാപക പരിശോധന.