22 മണിക്കൂർ നീണ്ട ഇ ഡി പരിശോധന അവസാനിച്ചു; ഭയപ്പെട്ട് നില്‍ക്കേണ്ട സാഹചര്യമില്ലെന്ന് എ സി മൊയ്തീന്
മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ എം എൽ എയുടെ വീട്ടില്‍ നടന്ന ഇഡി പരിശോധന അവസാനിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എം എൽ എയുടെ തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്. ഇന്നലെ രാവിലെ ഏഴുമണിക്ക് ആരംഭിച്ച പരിശോധന 22 മണിക്കൂറോളം നീണ്ടു നിന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
എ സി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേയ്ക്കും
അതേസമയം. പരിശോധന ആസൂത്രിതമാണെന്നും ഏത് അന്വേഷണത്തിനോടും സഹകരിക്കുമെന്നും എസി മൊയ്തീൻ പ്രതികരിച്ചു. റെയ്ഡ് അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡിനോട് പൂര്‍ണമായും സഹകരിച്ചു. ക്രമരഹിതമായി ബാങ്ക് വായ്പ എടുക്കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇടപെട്ടുവെന്ന് മൊഴിയുണ്ടെന്നാണ് ഇ ഡി അറിയിച്ചത്. വസ്തുവിന്റെ രേഖകളും ബാങ്ക് രേഖകളും പരിശോധിച്ചു. ഭയപ്പെട്ട് നില്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതൽ എസി മൊയ്തീന്റെ ഭാര്യയുടേയും മക്കളുടേയും പേരിലുള്ള വസ്തുക്കുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ഇഡി പരിശോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിൽ അറസ്റ്റിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയുടെ അടിസ്ഥാനത്തില്‍ എ സി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കരുവന്നൂർ ബാങ്കിൽ നടന്ന 300 കോടിയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല നേരത്തെ തന്നെ ഇഡി ഏറ്റെടുത്തിരുന്നു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇ ഡി ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് പല തവണ ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ജീവനക്കാരുടെ മൊഴിയില്‍ പലതും സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന് നേരെ വിരല്‍ ചൂണ്ടുന്നതായിരുന്നു. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
മുന്‍പ് കേരളാ പോലീസ് അന്വേഷിച്ച കേസില്‍, ബാങ്ക് ജീവനക്കാരെയും സിപിഎം ജില്ലാ നേതാക്കളെയും പ്രതിചേർത്തിരുന്നു.