യൂസഫലി ഹാജരാകണം; ലൈഫ് മിഷന്‍ കേസില്‍ വിളിപ്പിച്ച് ഇ ഡി
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യൂസഫലിയെ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊച്ചി യൂണിറ്റാണ് യൂസഫലിക്ക് നോട്ടീസ് നല്‍കിയത്. കേരള സര്‍ക്കാരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയും തമ്മില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിയ 300 കോടിയുടെ ഇടപാടിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 16 ന് ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലില്‍ എം എ യൂസഫലിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ്ബുക്ക് ലൈവിലായിരുന്നു എം എ യൂസഫലിയെക്കുറിച്ചും പരാമര്‍ശമുണ്ടായത്. വിജേഷ് പിള്ള എന്നൊരാള്‍ യൂസഫലിയുടെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. നോര്‍ക്കയില്‍ തന്നെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നടത്തിയ ശ്രമം യൂസഫലിയുടെ എതിര്‍പ്പ് മൂലം നടന്നില്ലെന്നും നേരത്തെ സ്വപ്‌ന ആരോപിച്ചിരുന്നു.