കുതിച്ചുയർന്ന് മുട്ടവില; കാരണമെന്ത്?

കുതിച്ചുയർന്ന് മുട്ടവില; കാരണമെന്ത്?

കഴിഞ്ഞ ദിവസം അഞ്ച് രൂപയില്‍ താഴെ മാത്രമായിരുന്നു മുട്ടയുടെ വില ഇന്ന് ആറ് രൂപയ്ക്ക് മുകളിലാണ്
Updated on
1 min read

സാധാരണക്കാരുടെ പോഷകാഹാരം, അതാണ് മുട്ട. വിശപ്പിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്ന്. ശരാശരി 30 കോടി മുട്ടയാണ് ഒരു മാസം ഇന്ത്യയില്‍ ചിലവാകുന്നത്. ഇത് മുട്ടയുടെ ഉപയോഗം നിത്യജീവിതത്തില്‍ എത്രത്തോളം കൂടുതലാണെന്ന് വ്യക്തമാക്കുന്നു.

പക്ഷേ, കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടായിരുന്നു മുട്ടയുടെ വിലയങ്ങ് കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം അഞ്ച് രൂപയില്‍ താഴെ മാത്രമായിരുന്നു മുട്ടയുടെ വില ഇന്ന് ആറ് രൂപയ്ക്ക് മുകളിലാണ്. സാധാരണ കടയിലെ സ്ഥിതിയാണിത്. എന്നാല്‍ ഓണ്‍ലൈനില്‍ മുട്ടയുടെ വില തുടങ്ങുന്നത് തന്നെ 13 രൂപയിലാണ്. കേരളത്തിലെ മാത്രം അവസ്ഥയല്ലിത്, ഇന്ത്യയില്‍ പലയിടത്തും ഈ വില വർധനവുണ്ടായിട്ടുണ്ട്.

ക്രിസ്മസിനും ന്യൂയറിനും ശേഷമുള്ള ആഴ്ചകളില്‍ ഇത്തരത്തില്‍ മുട്ടവില ഉയരാറുണ്ടെന്നാണ് ഹോള്‍സെയില്‍ വില്‍പ്പനക്കാർ നല്‍കുന്ന വിശദീകരണം. മുട്ടവില വർധനില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

"ക്രിസ്മസും ന്യൂയറുമൊക്കെ കഴിഞ്ഞതോടെ മാർക്കെറ്റില്‍ മുട്ടയുടെ ലഭ്യതയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഉത്പാദനത്തിലുണ്ടായ കുറവാണ് വില വർധിക്കാനുള്ള പ്രധാന കാരണം. ഇന്നും നാളെയുമൊക്കെയുമായി പഴയ വിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഹോള്‍സെയില്‍ റേറ്റ് അനുസരിച്ച് ഒരു മുട്ടയുടെ വില അഞ്ച് രൂപ 60 പൈസയാണ്. കടക്കാർ ആറ് മുതല്‍ ആറര രൂപയ്ക്ക് വരെ വില്‍ക്കും," തിരുവനന്തപുരത്തെ ഷംന എഗ് സെന്റർ ഉടമയായ ഷാജഹാന്‍ പറയുന്നു.

കുതിച്ചുയർന്ന് മുട്ടവില; കാരണമെന്ത്?
ആദിത്യയിലും കേരളത്തിന്റെ കയ്യൊപ്പ്; മികവു തെളിയിച്ച് നാല് പൊതുമേഖല സ്ഥാപനങ്ങള്‍

കഴിഞ്ഞ ആഴ്ചയില്‍ മുട്ടയ്ക്ക് ആറ് രൂപയായിരുന്നു വില. ഹോള്‍സെയിലില്‍ അഞ്ച് രൂപ 80 പൈസയായപ്പോഴാണ് കടക്കാർ ആറ് രൂപയിലേക്ക് എത്തിയത്. ഇന്നിറങ്ങിയ ലോഡിന്റെ വിലയനുസരിച്ചാണെങ്കില്‍ (അഞ്ച് രൂപ 60 പൈസ) നാളെയോടെ മുട്ടയുടെ വില കുറഞ്ഞേക്കും. ഇനി പഴയ വിലയിലേക്ക് താഴ്ന്നുകൊണ്ടിരിക്കും.

"ക്രിസ്മസ്, ന്യൂയർ സീസണുകളില്‍ എല്ലാ വർഷം ബേക്കറികളില്‍ മുട്ട ധാരാളം ആവശ്യമായി വരാറുണ്ട്. അത് കണക്കാക്കിയായിരിക്കാം കടക്കാർ വില വർധിപ്പിച്ചത്. മുട്ട സ്റ്റോക്കില്ലാതെ വരുമ്പോഴും വില വർധനവ് സംഭവിക്കാറുണ്ട്. നവംബർ മുതല്‍ ഒരു ജനുവരി വരെ വില വർധനവ് സ്ഥിരതയോടെ ഉണ്ടാകാറുണ്ട്. ജനുവരി പാതിയോടെ വില ഇടിയുകയും ചെയ്യും," ഷാജഹാന്‍ വിശദീകരിച്ചു.

രാജ്യത്തുടനീളം മുട്ടവിലയില്‍ വർധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊല്‍ക്കത്ത (6.50 രൂപ), പൂനെ (6.44), അഹമ്മദാബാദ് (6.39), സൂറത്ത് (6.37), വൈസാഗ് (6.25) എന്നിങ്ങനെയാണ് വില. 2023 ഉടനീളം മുട്ടയുടെ വില ആറ് രൂപയില്‍ താഴെയായിരുന്നു.

logo
The Fourth
www.thefourthnews.in