രണ്ടര മാസത്തിനിടെ എട്ട് കൊലപാതകം; അക്രമികളുടെ നഗരമായി കൊച്ചി

രണ്ടര മാസത്തിനിടെ എട്ട് കൊലപാതകം; അക്രമികളുടെ നഗരമായി കൊച്ചി

ലഹരി ഉപയോഗവും മുന്‍വൈരാഗ്യവും വാക്കേറ്റവുമൊക്കെ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് കാരണങ്ങളായി പോലീസ് ചൂണ്ടിക്കാട്ടുന്നു
Updated on
2 min read

എണ്‍പത്തിമൂന്ന് ദിവസത്തിനിടെ കൊച്ചിയില്‍ നടന്നത് എട്ട് കൊലപാതകങ്ങള്‍. ഏറ്റവും ഒടുവില്‍ സംഭവിച്ചത് ഗിരിനഗറില്‍ യുവതിയുടെ കൊലപാതകം. യുവതിയെ കൊന്ന് പ്ലാസ്റ്റിക്ക് ചാക്കിനകത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലഹരി ഉപയോഗവും മുന്‍വൈരാഗ്യവും വാക്കേറ്റവുമൊക്കെ കൊച്ചിയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് കാരണങ്ങളായി പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിവിധ കേസുകളിലായി ആറ് പ്രതികളാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.

ഒക്ടോബര്‍ 23

കടവന്ത്ര, ഗിരിനഗറിലെ വാടക വീട്ടിലാണ് ലക്ഷ്മിയെന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് റാം ബഹദൂറിനെ കണ്ടെത്താനായിട്ടില്ല. വീട് വാടകയ്‌ക്കെടുമ്പോള്‍, റാം ബഹദൂര്‍, ലക്ഷ്മി എന്നീ പേരുകള്‍ മാത്രമാണ് നല്‍കിയത്. കൊടുത്തിരിക്കുന്ന മേല്‍വിലാസം തെറ്റാണ്. വാടക കരാറിനൊപ്പം മറ്റു തിരിച്ചറിയല്‍ രേഖകളൊന്നും നല്‍കിയിരുന്നുമില്ല. കൊലപാതകം നടത്തിയത് ഭര്‍ത്താവ് തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 16ന്, മയക്കുമരുന്ന് വില്‍പനയ്ക്കായി കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുവാവിന്റെ ജീവനെടുത്തത്

ഓഗസ്റ്റില്‍ നാല് കൊലപാതകങ്ങള്‍

ഓഗസ്റ്റ് 11ന്, എറണാകുളം ടൗണ്‍ഹാളിനു സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അപരിചിതരായ രണ്ട് പേര്‍ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിലാണ് കലാശിച്ചത്. കുത്തേറ്റ കൊല്ലം നീണ്ടകര മേരിലാൻഡിൽ എഡിസണ്‍ മരിച്ചു. പ്രതി മുളവുകാട് ചുങ്കത്ത് സുരേഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് അന്വേഷണം തുടരുകയാണ്.

ഓഗസ്റ്റ് 14ന്, പുലര്‍ച്ചെ രണ്ടിന് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കളത്തിപ്പറമ്പ് റോഡിലുണ്ടായ വാക്കുതര്‍ക്കത്തിലാണ് വാരാപ്പുഴ സ്വദേശി ശ്യാം ശിവാനന്ദനെ ഒരു സംഘം കുത്തിക്കൊന്നത്. സൗത്ത് പാലത്തിനു സമീപമുണ്ടായിരുന്ന ട്രാന്‍സ് ജെന്‍ഡറുകളുമായി സംസാരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസില്‍ മൂന്ന് പ്രതികളെ പിടികൂടി.

ഓഗസ്റ്റ് 16ന്, മയക്കുമരുന്ന് വില്‍പനയ്ക്കായി കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുവാവിന്റെ ജീവനെടുത്തത്. കാക്കനാട്ടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി കോഴിക്കോട് സ്വദേശി അര്‍ഷാദിനെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിറ്റേന്ന് കാസര്‍ഗോഡ് നിന്ന് പിടികൂടുകയായിരുന്നു.

ഓഗസ്റ്റ് 28ന്, സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തിനെ നെട്ടൂരിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു.‍ പാലക്കാട് പിരാമൽ ഫിനാൻസിൽ എക്സിക്യുട്ടീവായ വടശേരിത്തൊടിയിൽ അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പാലക്കാട് പുതുശേരി കളത്തിൽ സുരേഷാണ് വീൽ സ്പാനർകൊണ്ട് തലയ്ക്കടിച്ചുകൊന്നത്. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

സെപ്റ്റംബറില്‍ മൂന്ന് കൊലപാതകങ്ങള്‍

സെപ്റ്റംബര്‍ പത്തിന്, ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കലൂരില്‍ യുവാവിനെ കുത്തികൊന്നത്. വെണ്ണല സ്വദേശി സജുന്‍ സഹീറാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിക്ക് വീടുകയറിയുള്ള ആക്രമണത്തിനിടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ കലൂര്‍ സ്വദേശി കിരണ്‍ ആന്റണി അറസ്റ്റിലായി.

സെപ്റ്റംബര്‍ 17ന് കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പുത്തന്‍കുരിശ് ചൂരക്കുളത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവീണ്‍ ഫ്രാന്‍സിസാണ് മരിച്ചത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയില്‍ അച്ചു എന്ന അഖിലിനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രവീണിനെ വിളിച്ചുവരുത്തി അഖില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 24 ന് കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന സംഗീത നിശയ്ക്കിടെയായിരുന്നു കൊലപാതകം. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഗാനമേള സ്ഥലത്ത് സംഘർഷമുണ്ടാക്കിയവരെ സംഗീതനിശ നടത്തിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്ന രാജേഷും സുഹൃത്തുക്കളും ചേർന്ന് പുറത്താക്കിയിരുന്നു. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, കുറച്ചുകഴിഞ്ഞ് സംഘം തിരിച്ചെത്തി രാജേഷിനെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പ്രതികളില്‍ ഒരാളെ പിടികൂടി.

രണ്ടര മാസത്തിനിടെ എട്ട് കൊലപാതകം; അക്രമികളുടെ നഗരമായി കൊച്ചി
'ഒന്നര മാസത്തിനിടെ കൊച്ചിയില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍, ലഹരി ഉപയോഗം വ്യാപകം; പോലീസുകാര്‍ എന്താണ് ചെയ്യുന്നത്?'

കൊച്ചിയിലെ തുടര്‍ കൊലപാതകങ്ങളില്‍ എറണാകുളം എംഎല്‍എ ടി ജെ വിനോദ് കഴിഞ്ഞമാസം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തകള്‍ കേട്ടാണ് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 24 വരെ ആറ് കൊലപാതകങ്ങള്‍ നടന്നു. നഗരത്തില്‍ താമസിക്കുന്ന താനുള്‍പ്പെടെയുള്ളവര്‍ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇത്രയേറെയാളുകള്‍ കൊല്ലപ്പെടുമ്പോള്‍ നഗരത്തില്‍ പോലീസുകാര്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ പരിഭവിക്കരുത് എന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in