കേരള നിയമസഭ
കേരള നിയമസഭ

'വാക്പോര്, സംഘർഷം, ഗില്ലറ്റിൻ'; ഏറ്റുമുട്ടലുകള്‍ കൊണ്ട് ശ്രദ്ധേയമായി 15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം

ആകെ 21 ദിവസമാണ് സഭ സമ്മേളിച്ചത്
Updated on
2 min read

ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം. തുടക്കം മുതല്‍ ഒടുക്കം വരെ വിവിധ വിഷയങ്ങളിലുള്ള പ്രതിഷേധങ്ങൾക്കാണ് സഭാ സമ്മേളനം സാക്ഷ്യം വഹിച്ചത്. ബജറ്റിനെച്ചൊല്ലി തുടങ്ങി നികുതി വര്‍ധനവ് മുതല്‍ അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നല്‍കാത്തത് വരെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ സഭാ തലത്തെ പിടിച്ച് കുലുക്കി. പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്ന അസാധാരണ സംഭവങ്ങള്‍ക്കു വരെ സഭ സാക്ഷിയായി. എന്നാൽ പ്രതിഷേധങ്ങൾ സഭാ ടിവി വഴി സംപ്രേഷണം ചെയ്തില്ല. അനുരഞ്ജന ചർച്ച വിളിച്ചെങ്കിലും അതും ഫലം കണ്ടില്ല.

പ്രതിപക്ഷത്തിന്റെ ആക്രമണം കനത്തപ്പോള്‍ മുഖ്യമന്ത്രി മറുപടി പറയേണ്ട അടിയന്തരപ്രമേയ നോട്ടീസുകള്‍ അവതരിപ്പിക്കാന്‍ പോലും സ്പീക്കര്‍ അനുമതി നല്‍കാതെയായി

നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യഗ്രഹത്തിന് സാക്ഷ്യം വഹിച്ചാണ് ആദ്യ ഘട്ടത്തില്‍ സഭ പിരിഞ്ഞത്. രണ്ടാം സെഷന്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കുറവ് സംഭവിച്ചില്ല. രണ്ടാം സെഷനില്‍ മുഖ്യമന്ത്രിയെ കൂടുതല്‍ കടന്നാക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷത്തിന്റെ ആക്രമണം കനത്തപ്പോള്‍ മുഖ്യമന്ത്രി മറുപടി പറയേണ്ട അടിയന്തരപ്രമേയ നോട്ടീസുകള്‍ അവതരിപ്പിക്കാന്‍ പോലും സ്പീക്കര്‍ അനുമതി നല്‍കാതെയായി.

സ്പീക്കര്‍ നീതിപാലിക്കണമെന്ന ആവശ്യം ഉയര്‍ത്തി അസാധാരണ പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം നീങ്ങി. ഇത് ഒടുവില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തില്‍ വരെ കൊണ്ടെത്തിച്ചു. സമാധാനപരമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ഉദ്ദേശ്യം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ കാര്യങ്ങള്‍ കെെവിട്ടു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ആക്രോശിച്ചു. ഇതിനിടെ കെ കെ രമയുടെ കൈയ്ക്ക് സാരമായി പരുക്കേറ്റു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും എച്ച് സലാം എംഎല്‍എ ചവിട്ടിയെന്നുമുള്ള ആരോപണവുമായി രമ രംഗത്തെത്തി.

പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കേസും റൂള്‍ 50 നോട്ടീസിനെ ചൊല്ലിയുള്ള തര്‍ക്കവും സഭാ നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കാന്‍ തുടങ്ങി

സംഭവത്തില്‍ ഡി ജി പിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. സെെബർ ലോകത്ത് രമയുടെ കയ്യിലെ പരുക്ക് വ്യാജമെന്ന തരത്തില്‍ വലിയ പ്രചാരണമുണ്ടായി. സംഭവം സഭയും വിട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തി. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. എന്നാല്‍ ഭരണ പക്ഷത്തെ എം എല്‍ എമാർക്കെതിരെ സംഘർഷവുമായി ബന്ധപ്പെട്ട് നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സംഭവം സഭയില്‍ ചർച്ചയായി.

പിന്നീടുള്ള ദിനങ്ങളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കേസും റൂള്‍ 50 നോട്ടീസിനെ ചൊല്ലിയുള്ള തര്‍ക്കവും സഭാ നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കാന്‍ കാരണമായി. നിയമസഭാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചെങ്കിലും ധാരണയാകാതെ പിരിഞ്ഞു.

പാർലമെന്റ് കാര്യമന്ത്രി കെ രാധാക്യഷ്ണന്‍ പ്രതിപക്ഷവുമായി സമവായ നീക്കം തടത്തിയെങ്കിലും തുടക്കത്തിലേ നീക്കങ്ങള്‍ പാളി. വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉരുളയ്ക്ക് ഉപ്പേരിയെന്ന പോലെ മറുപടി നല്‍കി. പ്രശ്‌നം പരിഹരിക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കൂടി ആയതോടെ പ്രതിപക്ഷം സമരം കടുപ്പിച്ചു. സത്യഗ്രഹ സമരമെന്ന പുതിയ സമര രീതിയുമായാണ് പ്രതിപക്ഷം ചൊവ്വാഴ്ച സഭയിലെത്തിയത്. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടില്‍ പ്രതിഷേധിച്ചാണ് സഭയുടെ നടുത്തളത്തില്‍ സത്യഗ്രഹമിരിക്കുമെന്നതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അവർത്തിച്ചു. അപ്പോഴും മുഖ്യമന്ത്രി മൗനം തുടർന്നു.

ബജറ്റ് സംബന്ധിച്ച സുപ്രധാന ബില്ലുകളായ ധന ബില്ലും ധനവിനിയോഗ ബില്ലും സഭ പാസ്സാക്കാനുള്ള നടപടികള്‍ പൂർത്തിയാക്കി സഭ ഗില്ലറ്റിൻ ചെയ്തു

അങ്ങനെ ഒടുവില്‍ പ്രതിപക്ഷ പ്രതിഷേധത്തെ പിടിച്ചുകെട്ടാന്‍ വജ്രായുധം സര്‍ക്കാര്‍ പ്രയോഗിച്ചു. സഭ പിരിയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. കാര്യോപദേശക സമിതി റിപ്പോർട്ടിൽ ഭേദഗതി വരുത്തണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു. കേള്‍ക്കാന്‍ കാത്തിരുന്ന പോലെ സർക്കാർ അഭ്യർത്ഥന പരിഗണിച്ച സ്പീക്കർ വരും ദിവസങ്ങളിലെ ധനാഭ്യർഥനകൾ അടിയന്തരമായി പരിഗണനയ്ക്കെടുത്തു. ബജറ്റ് സംബന്ധിച്ച സുപ്രധാന ബില്ലുകളായ ധനബില്ലും ധനവിനിയോഗ ബില്ലും പാസ്സാക്കാനുള്ള നടപടികള്‍ പൂർത്തിയാക്കി സഭ ഗില്ലറ്റിൻ ചെയ്തു. ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ഒരു തരത്തില്‍ തടയൂരി.

എട്ടാം സമ്മേളനം 21 ദിവസമാണ് സമ്മേളിച്ചത്. ഇക്കാലയളവില്‍ സഭ ആകെ എട്ട് ബില്ലുകള്‍ പാസാക്കി. സഭ പാസാക്കിയ പ്രധാന ബില്ലുകളില്‍ ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈന്‍മെന്റ്) അമെന്റ്‌മെന്റ് ബില്‍, 2022-ലെ കേരള പഞ്ചായത്ത് രാജ് ബില്‍, 2022-ലെ കേരള മുനിസിപ്പിലാറ്റി ബില്‍, 2021-ലെ കേരള പൊതുജനാരോഗ്യ ബില്‍ എന്നിവ ഉള്‍പ്പെടുന്നു

നക്ഷത്രചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 7600 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് സഭയുടെ മേശപ്പുറത്തെത്തിയത്. 570 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 6888 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി. ഈ സമ്മേളന കാലത്ത് ചട്ടം 50 പ്രകാരമുള്ള 14 നോട്ടീസുകള്‍ സഭ മുമ്പാകെ വന്നെങ്കിലും ഒന്നിന് മുകളിലും സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. സമ്മേളനത്തില്‍ ആകെ 32 ശ്രദ്ധ ക്ഷണിക്കലുകളും 149 സബ്മിഷനുകളും സഭാതലത്തില്‍ ഉന്നയിക്കപ്പെട്ടു.

logo
The Fourth
www.thefourthnews.in