എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: ലക്ഷ്യം ജിഹാദി പ്രവര്‍ത്തനമെന്ന് എന്‍ഐഎ, പ്രതി ഷാറുഖ് സെയ്ഫി മാത്രം
കോഴിക്കോട് എലത്തൂര്‍ തീവയ്പ് കേസില്‍ എന്‍ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി സ്വദേശി ഷാറൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജിഹാദി പ്രവര്‍ത്തനം ലക്ഷ്യം വച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. സൂമൂഹ മാധ്യമങ്ങളിലൂടെ പ്രതി ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. പ്രതിയെ തിരിച്ചറിയാതിരിക്കുമെന്ന വിശ്വാസത്തിലാണ് കേരളം കൃത്യം നടത്തുന്നതിനായി തിരഞ്ഞെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പാകിസ്താന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മതനേതാക്കളുടെ വീഡിയോകള്‍ കണ്ടാണ് ഷാറൂഖ് സെയ്ഫി ജിഹാദിസത്തില്‍ അകൃഷ്ടടനാവുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കോഴിക്കോട് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും പ്രിതി ഷാറൂഖ് സെയ്ഫി തീവ്രവാദിയാണെന്നും ഇത്തരത്തിലുള്ള മത നേതാക്കളുടെ വീഡിയോകള്‍ കണ്ടിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1 കോച്ചില്‍ ആക്രമണമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ രാത്രി 9.07ന് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച പ്രതി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്. തീവയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് മൂന്നു പേരെ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പ്രതി ഷാറൂഖ് സെയ്ഫി പോലീസ് പിടിയിലായത്. ഇയാള്‍ രത്നഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം അജ്മീരിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനിടെയാണ് രത്‌നഗിരി പോലീസ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതിയെ പിടികൂടുന്നത്. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍, ആധാര്‍ കാര്‍ഡ് , പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ പ്രതിയുടെ കൈവശമുണ്ടായിരുന്നു.