ബലാത്സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുന്നത്. എംഎല്‍എയുടെ ഫോണും ഇന്ന് ഹാജരാക്കിയേക്കും. കഴിഞ്ഞ ശനിയാഴ്ച എല്‍ദോസിനെ 10 മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷമാണ് പൊതു സമൂഹത്തിന് മുന്നിലെത്തിയത്. കേസിന് പിന്നാലെ എംഎല്‍എയെ കെപിസിസി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെപിസിസി അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്ക് കെപിസിസി, ഡിസിസി പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പരാതിക്കാരിയായ അധ്യാപിക രംഗത്തെത്തിയത്. തട്ടികൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എംഎല്‍എയ്ക്കെതിരെ പോലീസ് ആദ്യം കേസ് എടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു.