'ദിവസവും അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണം'; എല്‍ദോസ് കുന്നപ്പിള്ളിലിനോട് ഹൈക്കോടതി
ദിവസവും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎയോട് ഹൈക്കോടതി. എല്‍ദോസിനെതിരായ ബലാത്സംഗക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ താക്കീത്. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ദിവസവും രാവിലെ 9ന് ഹാജരാകണമെന്നുള്ള കോടതി നിര്‍ദേശം. അതേസമയം, എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതിനിടെ, എല്‍ദോസിനും വക്കീലിനുമെതിരായ പരാതിക്കാരിയുടെ മൊഴി പുറത്തുവന്നു. വക്കീല്‍ ഓഫീസില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
ഒക്ടോബർ 20നാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി എല്‍ദോസിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എംഎല്‍എയ്ക്കെതിരെ പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു.
കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷമാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. കേസിന് പിന്നാലെ എംഎല്‍എയെ കെപിസിസി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറ് മാസത്തേക്ക് കെപിസിസി, ഡിസിസി പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്.