അരിക്കൊമ്പനെ മാറ്റിയിട്ടും രക്ഷയില്ല; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

അരിക്കൊമ്പനെ മാറ്റിയിട്ടും രക്ഷയില്ല; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് വനം മന്ത്രി
Updated on
1 min read

അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാലിലെ ജനങ്ങളുടെ ദുരിതത്തിന് അവസാനമില്ല. കാട്ടാനക്കൂട്ടം പ്രദേശത്തെ ഷെഡ്ഡ് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപത്തുള്ള രാജന്റെ ഷെഡ്ഡാണ് തകർത്തത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡ്ഡിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചക്കകൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടമാണ് ആക്രമണം നടത്തിയത്.

ശനിയാഴ്ചയാണ് ഏറ്റവും അപകടകാരിയായ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയത്. രണ്ട് ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലേക്ക് ഇറക്കിവിട്ടത്. അരിക്കൊമ്പനെ മാറ്റിയതോടെ ചിന്നക്കനാലിലെ കാട്ടാനപേടി അകന്നെന്ന സമാധാനത്തില്‍ ജനങ്ങളിരിക്കെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.

അരിക്കൊമ്പനെ മാറ്റിയതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം . ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. '' അരിക്കൊമ്പന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുന്നുണ്ട്. ടെലി കോളർ വച്ച് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്. അരിക്കൊമ്പൻ മിഷൻ സുതാര്യമായാണ് നടത്തിയത്'' - എ കെ ശശീന്ദ്രൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in