ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴിലവസരം; കേരളവും യുകെയും ധാരണാ പത്രം ഒപ്പുവച്ചു

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴിലവസരം; കേരളവും യുകെയും ധാരണാ പത്രം ഒപ്പുവച്ചു

സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്സ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Updated on
1 min read

കേരളത്തിലെ ആരോഗ്യ മേഖലയിലുളളവര്‍ക്ക് യുകെയില്‍ തൊഴിലവസരം സാധ്യമാക്കുന്നതിനായി ധാരണാ പത്രം ഒപ്പുവച്ചു. ലണ്ടനില്‍ നടന്ന യൂറോപ്പ്-യുകെ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കേരള സര്‍ക്കാറും യുകെയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടത്. സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്സ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നോര്‍ക്ക റൂട്ട്സിനുവേണ്ടി സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും നാവിഗോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മൈക്കേല്‍ റീവ് ധാരണാപത്രം ഏറ്റു വാങ്ങി.

കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യുകെയില്‍ എന്‍. എച്ച്എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്‍ഡ് ഹംപര്‍ നോര്‍ത്ത് യോക്ഷ്യര്‍ ഹേല്‍ത്ത് ആന്‍ഡ് കേയര്‍ പാര്‍ടനര്‍ഷിപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. നോര്‍ക്ക റൂട്ട്സിനുവേണ്ടി സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും നാവിഗോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മൈക്കേല്‍ റീവ് ധാരണാപത്രം ഏറ്റു വാങ്ങി.

കരാര്‍ യാഥാര്‍ഥ്യമാകുന്ന മുറയ്ക്ക് നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്കാണ് ഇതുവഴി തൊഴില്‍ സാധ്യത തെളിയുന്നത്.

അതിനിടെ, വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് - യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുകെയിലെത്തിയത്.

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം. നാട്ടില്‍ തന്നെ വികസനമൊരുക്കി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമേഖലയെ കൂടുതല്‍ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യം. കേരളത്തിന്റെ വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവാസികളുടെ ആശയങ്ങളും പിന്തുണയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in