ചിത്രങ്ങളോടൊപ്പം ഇ എന്‍ ശാന്തി
ചിത്രങ്ങളോടൊപ്പം ഇ എന്‍ ശാന്തി

ഗൃഹാതുരത കാൻവാസിൽ പകർത്തി ഇ എന്‍ ശാന്തി

കുട്ടിക്കാലത്തെ ഭയം മുതിര്‍ന്നപ്പോള്‍ ജിജ്ഞാസയ്ക്ക് വഴിമാറി. പഴയ കാവിന്റെ നഷ്ടങ്ങളും പുതിയ കാവിന്റെ നിര്‍മിതിയും ചിത്രങ്ങളാക്കണമെന്ന ആഗ്രഹം അങ്ങനെയുണ്ടായതാണെന്നു ശാന്തി പറയുന്നു
Updated on
2 min read

പരിസരങ്ങളുടെ കാലാനുസൃത മാറ്റങ്ങള്‍ ആസ്പദമാക്കിയ ജീവിതവര്‍ത്തമാനങ്ങളാണ് ബിനാലെയില്‍ ഇ എന്‍ ശാന്തി എന്ന മലയാളി ചിത്രകാരിയുടെ കലാവിഷ്‌കാരങ്ങള്‍. ഗൃഹാതുരത്വമാര്‍ന്നവ. നാഗങ്ങളെ കുടിയിരുത്തിയ കാവും പാലമരവും ഒക്കെ ഈ ഇരിങ്ങാലക്കുടക്കാരിയുടെ വര്‍ണ ചിത്രങ്ങളില്‍ ജീവനോടെ നിറയുന്നു.

കുടുംബ വീടും ബാല്യകാല സ്മരണകളും പഴമയില്‍ നിന്ന് പുതുമയിലേക്ക് ചേക്കേറിയ കാവിന്റെ സംക്രമണവും ഉള്‍പ്പെടെ രണ്ട് പരമ്പരകളായാണ് ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ശാന്തിയുടെ പെയിന്റിങ്ങുകള്‍ നിറഞ്ഞിരിക്കുന്നത്.

വീട്ടുതൊടിയിലെ കാവും മരങ്ങളും കുഞ്ഞു ശാന്തിയുടെ മനസില്‍ ഭയം കോറിയിരുന്നു. കാവ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ആചാരാനുഷ്ഠാനങ്ങളില്‍ മൂടപ്പെട്ട കാവ് പെണ്‍കുട്ടികള്‍ക്ക് വിലക്കപ്പെട്ടതായിരുന്നു. കേട്ടറിഞ്ഞ ആ വിലക്കുകള്‍ക്കാണ് ശാന്തി ചിത്രങ്ങളായി ആഖ്യാനം നല്‍കിയത്. കുട്ടിക്കാലത്തെ ഭയം മുതിര്‍ന്നപ്പോള്‍ ജിജ്ഞാസയ്ക്ക് വഴിമാറി.

പഴയ കാവിന്റെ നഷ്ടങ്ങളും പുതിയ കാവിന്റെ നിര്‍മിതിയും ചിത്രങ്ങളാക്കണമെന്ന ആഗ്രഹം അങ്ങനെയുണ്ടായതാണെന്നു ശാന്തി പറയുന്നു. ബിനാലെയിലെ കാവിന്റെ ചിത്രങ്ങള്‍ തീര്‍ത്തും ഭാവനയാണെന്നും ഇതുവരെ കാവ് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ചിത്രകാരി കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. അക്കാല ഓര്‍മകള്‍ ചെറിയ ചിത്രങ്ങളാക്കി. 12-18 സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്രത്തിലും ഓരോ പ്രദേശമാണ് വരച്ചതെന്ന് ശാന്തി പറഞ്ഞു.

സ്ത്രീകള്‍ ഓല മെടയുന്നത്, കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണര്‍വെള്ളം കോരുന്നത് തുടങ്ങി കഥകള്‍ ഒരുപാട് പറയാനുണ്ട് ഓരോ ചിത്രത്തിനും.

പത്ത് വര്‍ഷത്തിലേറെയായി പോസ്റ്റ് കളര്‍, ആക്രിലിക്, വാട്ടര്‍ കളര്‍ എന്നിവയായില്‍ തൃശ്ശൂര്‍ ജവഹര്‍ ബാലഭവനിലെ കലാധ്യാപികയായ ശാന്തി ചിത്രങ്ങളൊരുക്കാന്‍ തുടങ്ങിയിട്ട്.

logo
The Fourth
www.thefourthnews.in