എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടി
എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടി

തീരാത്ത അവഗണന, തോരാത്ത കണ്ണുനീര്‍; എൻഡോസൾഫാൻ ഇരകൾ വീണ്ടും തെരുവിലേക്ക്

വിഷമഴക്കാലത്തിൻ്റെ തീരാദുരിതവുമായി നിരവധി കുരുന്നുകളാണ് ഇപ്പോഴും കാസര്‍കോട് ജില്ലയില്‍ പിറന്നുവീഴുന്നത്.
Updated on
1 min read

നീണ്ട ഇടവേളയ്ക്ക് ശേഷം സെക്രട്ടറിയേറ്റിന് മുന്നിൽ അവരെത്തുകയാണ്. വിഷമഴയേറ്റവരുടെ പറഞ്ഞാൽ തീരാത്ത ദുരിത കഥകളുമായി. ശിരസ്സ് മാത്രം വളർന്ന് എല്ലുകൾ പൊടിയുന്ന രോഗാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ മാറോടണച്ച് അമ്മമാര്‍ സമരം ചെയ്യുന്ന കാഴ്ചകൾക്ക് വീണ്ടും സാക്ഷിയാവാൻ പോവുകയാണ് തിരുവനന്തപുരം നഗരം. എന്താണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. നഷ്ടപരിഹാരമെന്ന ദീർഘനാളായുള്ള ആവശ്യം പോരാടി നേടിയ ശേഷം വീണ്ടും തെരുവിലിറങ്ങുന്നത് എന്തിനാണ്?

സുപ്രീംകോടതി നിർദേശ പ്രകാരമുള്ള നഷ്ടപരിഹാരം നൽകി തീർപ്പാക്കാനോ ഒതുക്കാനോ കഴിയുന്നതല്ല എൻഡോസൾഫാൻ ഇരകളുടെ ജീവിതം. മരണം വരെ ദുരിത ജീവിതം നയിക്കേണ്ട അവരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങളിലൊന്ന് മെച്ചപ്പെട്ട ചികിത്സ തന്നെയാണ്. കാസര്‍കോട്ടെ ജനങ്ങളുടെയും എൻഡോസൾഫാൻ ഇരകളുടെയും ദീര്‍ഘനാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു എയിംസ്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും രോഗബാധിതരായ കുട്ടികള്‍ക്ക്‌ ഡേ കെയർ പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് ഇരകളുടേയും കുടുംബങ്ങളുടേയും തീരുമാനം.

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളെയും കൊണ്ട് അമ്മമാർ
എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളെയും കൊണ്ട് അമ്മമാർ

കാസര്‍കോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകളടക്കമുള്ളവർ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തൊട്ടടുത്ത ജില്ലയായ കണ്ണൂരിനേയും അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ മംഗലാപുരത്തേയുമാണ്. ചികിത്സ തേടിയുള്ള അതിർത്തി കടന്നുള്ള യാത്ര ഇവർക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല.കൊവിഡ് കാലത്തെ ലോക്ക്ഡൌണിൽ കർണാടകയിലേക്കുള്ള യാത്രാവിലക്കിൽ പൊലിഞ്ഞത് 24 ജീവനുകളായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക്

ഇവിടുത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുനതിനായി മാറി മാറി വന്ന സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്നാണ് എൻഡേസൾഫാൻ ഇരകളുടെ ആക്ഷേപം. ദീർഘനാളായുള്ള ആവശ്യങ്ങൾക്ക് ശേഷം പേരിനൊരു മെഡിക്കൽ കോളേജ് ലഭിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഈ ആശുപത്രിയിലില്ല. ന്യൂറോ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോഴും അതിർത്തി കടന്നുകൾ ചികിത്സ തന്നെയാണ് ഇവർക്ക് ആശ്രയം.

വിഷമഴക്കാലത്തിൻ്റെ തീരാദുരിതവും പേറി നിരവധി കുരുന്നുകളാണ് ഇപ്പോഴും ജില്ലയിൽ പിറക്കുന്നത്. ആശുപത്രിയിൽ ഒരു എംആർഐ സ്കാനിങ്ങിന് പോലും സൗകര്യമില്ലാത്തതിനാല്‍ മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന മക്കളെയും കൊണ്ട് മണിക്കൂറുകളോളമാണ് മാതാപിതാക്കൾ യാത്രചെയ്യേണ്ടി വരുന്നത്. ഇത്തരത്തില്‍ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളില്‍ ശാശ്വതമായ പരിഹാരം ഉറപ്പാക്കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം.

logo
The Fourth
www.thefourthnews.in