സ്വപ്‌ന സുരേഷ്
സ്വപ്‌ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയ്ക്ക് രാഷ്ട്രീയ ലക്ഷ്യമില്ല; സര്‍ക്കാര്‍ വാദം തള്ളി ഇ ഡി

വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നും ഇ ഡി
Updated on
1 min read

ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ വാദം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ സ്വപ്‌നയ്ക്ക് രാഷ്ട്രീയ, നിക്ഷിപ്ത ലക്ഷ്യങ്ങളില്ലെന്ന് ഇഡി വ്യക്തമാക്കി. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. ചില കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേസില്‍ കേരളത്തില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ല. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നും ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്നതാണ് സ്വപ്‌നയുടെ രഹസ്യമൊഴി. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വന്തന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്പാകെയാണ് രഹസ്യ മൊഴി നല്‍കിയത്. മറ്റാരുടെയും സ്വാധീനത്താലല്ല മൊഴിയെന്ന് അതിനാല്‍ വ്യക്തമാണ്. ശിവശങ്കറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇ ഡി സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അതിനെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാരും എം ശിവശങ്കറും സത്യവാങ്മൂലം നല്‍കി. അതില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇ ഡിയുടെ വെളിപ്പെടുത്തല്‍. ഇ ഡിയുടെ നീക്കം അപകീര്‍ത്തിപ്പെടുത്താന്‍ ആണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കും മൊഴികള്‍ക്കും പിന്നില്‍ ബാഹ്യസമ്മര്‍ദ്ദവും ഗൂഢലക്ഷ്യവുമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in