'ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് കസര്‍ത്ത് വേണ്ട'; അമ്പലമുറ്റത്ത് ആയുധപരിശീലനം വിലക്കി ഹൈക്കോടതി
ക്ഷേത്രപരിസരത്ത് ആൾക്കൂട്ട അഭ്യാസങ്ങളും ആയുധ പ്രയോഗങ്ങളും കർശനമായി തടയണമെണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം ശാർക്കര ദേവീക്ഷേത്രം ആർഎസ്എസ് പ്രവർത്തകർ അഭ്യാസത്തിനും ആയുധപരിശീലനത്തിനുമായി കൈയേറിയെന്നാരോപിച്ചുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. തിരുവിതാംകൂർ ദേവസ്വം കമ്മിഷണർക്കും ശാർക്കര ദേവീക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കുമാണ് നിർദേശം നൽകിയത്.
ആയുധ-കായിക പരിശീലനങ്ങള്‍ ഭക്തർക്കും ക്ഷേത്രദർശനത്തിനെത്തുന്ന തീർഥാടകർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ക്ഷേത്രത്തിന് സമീപത്തുള്ളവരാണ് കോടതിയെ സമീപിച്ചത്. അധികാരികളുടെ അനുമതിയില്ലാതെയാണ് പ്രതികൾ ക്ഷേത്രത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.
ക്ഷേത്രപരിസരത്ത് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ വൃത്തിയെയും വിശുദ്ധിയെയും ദൈവികതയെയും ബാധിക്കുമന്നും ഹർജിക്കാർ ആരോപിച്ചു. മാസ് ഡ്രിൽ/ ആയുധ പരിശീലനത്തിന്റെ ഭാഗമായി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുമെന്നും അതുവഴി ക്ഷേത്രത്തിന്റെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം തകർക്കുന്നതായും ഹർജിക്കാർ ആരോപിച്ചു. ദേവസ്വം കമ്മീഷണർ രണ്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടും നിയമലംഘനങ്ങൾ തുടരുന്നതായി പരാതി ഉയർന്നു.
2021 മാർച്ച് 30 ന് ദേവസ്വം കമ്മീഷണർ ഇത് സംബന്ധിച്ച ആദ്യ സർക്കുലർ പുറപ്പെടുവിച്ചതായി ഹർജിക്കാർ അറിയിച്ചു. ഹർജി നൽകിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചെന്നും അനധികൃത പ്രവേശനം തടയാൻ ക്ഷേത്രത്തിൽ ഗേറ്റ് സ്ഥാപിക്കണമെന്ന അപേക്ഷ മരാമത്ത് വകുപ്പിന്റെ പരിഗണനയിലാണെന്നും സെക്രട്ടറി ബോധിപ്പിച്ചു.
ക്ഷേത്രത്തിൽ മാസ് ഡ്രില്ലും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കത്ത് നൽകിയതിനെത്തുടർന്ന് പോലീസ് ആർഎസ്‌എസിന് നോട്ടീസ് നൽകുകയും അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ പിന്നീട് ക്ഷേത്രപരിസരത്ത് കൂടുതൽ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും പോലീസ് അറിയിച്ചു.
എന്നാൽ ക്ഷേത്രപരിസരത്ത് സംഘപരിശീലനവും ആയുധപരിശീലനവും നടത്തുന്നില്ലെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയപ്രേരിത നീക്കത്തിന്റെ ഭാഗമാണ്ആരോപണങ്ങളെന്നും ആർഎസ്എസ് കോടതിയിൽ വാദിച്ചു. 1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിലെ വിവിധ വ്യവസ്ഥകളും നിരവധി മുൻവിധികളും പരിശോധിച്ച കോടതി, ക്ഷേത്രത്തിന്റെ സ്വത്തുക്കളും കാര്യങ്ങളും കൈകാര്യം ചെയ്യാനും നിത്യപൂജകൾ നടത്താനും ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു.
പ്രസ്തുത ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവങ്ങളും സുഗമമായി നടത്തുന്നതിന് ബോർഡിനും അതിന്റെ ഉദ്യോഗസ്ഥർക്കും ആവശ്യമായ സഹായം നൽകാൻ ക്ഷേത്ര ഉപദേശക സമിതി ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഭക്തർക്കോ മറ്റ് വ്യക്തികൾക്കോ ആളുകൾ അഭ്യാസമോ ആയുധ പരിശീലനമോ നടത്തുന്നതിന് ക്ഷേത്രപരിസരം ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.