'ഇത് എന്റെ അപേക്ഷയാണ്'; പശ്ചിമഘട്ട സംരക്ഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്റെ ആത്മഹത്യ
പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരുമില്ലെന്ന വേദന പങ്കുവെച്ച് പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെ വി ജയപാലനാണ് വിഷം കഴിച്ച് മരിച്ചത്. 'ഗ്രീന്‍ ഗാര്‍ഡന്‍' എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകനാണ് ജയപാലൻ. പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിന് ആരും തയ്യാറാകുന്നില്ലെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുക്കള്‍ക്ക് കുറിപ്പെഴുതിയ ശേഷമായിരുന്നു ജയപാലന്‍ ജീവനൊടുക്കിയത്.
തനിക്ക് മറ്റ് കടബാധ്യതകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്നും പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനുള്ള തന്റെ അപേക്ഷയാണ് ആത്മഹത്യയെന്നുമാണ് ജയപാലന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. ജനുവരി ആറിനാണ് വിശദമായ ആത്മഹത്യാകുറിപ്പ് അദ്ദേഹം സുഹൃത്തുക്കള്‍ക്ക് അയച്ചത്. സമൂഹവും സര്‍ക്കാരും വിഷയത്തില്‍ കണ്ണുതുറക്കണമെന്നും പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആത്മഹത്യ ചെയ്തത്. ജനുവരി ആറിന് തന്റെ സുഹൃത്തുക്കൾക്ക് കുറിപ്പ് അയച്ച ശേഷം അലൂമിനിയം ഫോസ്‌ഫേറ്റ് കഴിച്ച് ജയപാലൻ ആത്മത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ജയപാലന്‍ ഇന്ന് രാവിലെയോടെയാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം പുരോഗതിയിലേക്കല്ല തളർച്ചയിലേക്കാണ് നയിക്കുന്നത്.
ആത്മഹത്യാകുറിപ്പില്‍ പറയുന്നു
നേരിൽ കണ്ടിട്ടില്ലാത്ത ദൈവ സങ്കൽപ്പങ്ങൾക്ക് കൊടുക്കുന്ന പരിഗണനയുടെ ഒരംശമെങ്കിലും പ്രകൃതിക്ക് നൽകണം. ദിനംപ്രതി നശിച്ച് കൊണ്ടിരിക്കുന്ന പശ്ചിമഘട്ടം അത്യാസന്ന നിലയിലാണ്. സത്യഗ്രഹം പോലുള്ള നിരവധി സമര മാർഗങ്ങളെ പറ്റി ആലോചിച്ചു. എന്നാൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആത്മഹത്യയല്ലാതെ മറ്റൊന്നും മതിയായി തോന്നുന്നില്ല എന്നും അദ്ദേഹം ആത്മഹത്യ കുറിപ്പിൽ കുറിച്ചു.
കാലാവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതും ലോക പൈതൃക പട്ടികയില്‍ എട്ടാം സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന പശ്ചിമഘട്ട മലനിരകള്‍ക്ക് പോറ്റമ്മയുടെ സ്ഥാനം നല്‍കണമെന്നും ജയപാലന്‍ ആവശ്യപ്പെടുന്നു. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം പുരോഗതിയിലേക്കല്ല തളർച്ചയിലേക്കാണ് നയിക്കുന്നത്. വിനോദ സഞ്ചാരികൾ ചവറുകൾ വലിച്ചെറിയുന്നതിനെതിരെ കേസ് എടുത്തത് കൊണ്ട് മാത്രം മാറ്റങ്ങൾ ഒന്നുമുണ്ടാകുന്നില്ല. മുൻപ് പോയ സ്ഥലങ്ങളിലേക്ക് പിന്നീട് പോകുമ്പോൾ അവിടെയുള്ള കാഴ്ചകൾ ഏറെ വിഷമിപ്പിക്കാറുണ്ട്. അതുകൊണ്ട് വരും തലമുറയേയെങ്കിലും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുതിയ സംസ്കാരം പഠിപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.
'തീവ്രവാദികളോട് പോലും അവരെ തൂക്കിലേറ്റുന്നതിന് മുന്‍പ് അവസാന ആഗ്രഹമെന്തെന്ന് ചോദിക്കുന്ന മഹത്തായ മഹാമനസ്‌കതയുള്ള നാടാണ് നമ്മുടേത്. അങ്ങനെയുള്ള നാട്ടിൽ പോറ്റമ്മയുടെ സംരക്ഷണമെന്ന എന്റെ അവസാന ആഗ്രഹത്തിന് വില കല്‍പ്പിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. മാധ്യമ ശ്രദ്ധ മതിയായ രീതിയില്‍ ലഭിക്കുമെന്നും സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന ഉറച്ച വിശ്വാസമാണ് എന്നെ ഈ വഴിക്ക് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്'- ജയപാലന്‍ ആത്മഹത്യകുറിപ്പില്‍ പറയുന്നു.