വന്യ ജീവികൾക്ക് വിശക്കുന്നു, കർഷകരുടെ വയറെരിയുന്നു; നിലമ്പൂരിലെ മനുഷ്യ - മൃഗ പോര് മുറുകുമ്പോൾ

വന്യ ജീവികൾക്ക് വിശക്കുന്നു, കർഷകരുടെ വയറെരിയുന്നു; നിലമ്പൂരിലെ മനുഷ്യ - മൃഗ പോര് മുറുകുമ്പോൾ

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അനിതരസാധാരണമാണ്
Updated on
4 min read

ചുരുങ്ങിയ കാലം കൊണ്ടുണ്ടായതല്ല മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങള്‍. കുടിയേറ്റ കാലഘട്ടമായ നാല്പതുകള്‍ മുതല്‍ തുടര്‍ന്നുപോന്ന വന നശീകരണത്തിന്റെ പരിണിതഫലമാണ് മലയോര ജനത ഇന്നും അനുഭവിച്ചു പോരുന്നത്. ഇത്തരത്തിൽ വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖല.

തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ നാട്ടില്‍ ലഭിക്കുമെന്ന് ബോധ്യപ്പെട്ടതോടെ വന്യ മൃഗങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക് വരുന്നത് സ്ഥിരമാക്കി.

ഏകദേശം 120 ചതുരശ്ര കിലോമീറ്ററിൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് മുതൽ അരീക്കോട് ഓടക്കൽ വരെ വ്യാപിച്ചു കിടക്കുന്ന നിലമ്പൂർ, കേരളത്തിലെ വലിയ താലൂക്കുകളിലൊന്നാണ്. ഈ മേഖലയുടനീളം വന്യജീവി ആക്രമണങ്ങളും രൂക്ഷമാണ്. 2015ന് ശേഷമാണ് പ്രദേശത്ത് ജനങ്ങളും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ തുടങ്ങിയത്. കാടിനുള്ളിലെ മുനുഷ്യരുടെ ഇടപെടലും പ്ലാന്റേഷന്‍ ജോലികളും കാരണം മൃഗങ്ങള്‍ക്ക് വേനല്‍ക്കാലങ്ങളില്‍ കാട്ടില്‍ ഭക്ഷണത്തിനും വെള്ളത്തിനും ദൗര്‍ലഭ്യം നേരിട്ടതോടെയാണ് അവ കാട് വിട്ടിറങ്ങിത്തുടങ്ങിയത്. ഇതോടെ പ്രദേശവാസികളുടെ കൃഷിക്കും ജീവനോപാധികള്‍ക്കും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി വര്‍ധിക്കുകയായിരുന്നു.

പ്രദേശത്തെ വന്യജീവി ആക്രമണങ്ങളെ കുറിച്ചും തങ്ങള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശ വാസികളും ഏറെ പറയാനുണ്ട്.

ചാലിയാര്‍ പഞ്ചായത്തിലെ കാര്യം മാത്രമെടുത്താല്‍ 10 വര്‍ഷങ്ങള്‍ക്ക് മുൻപ് സ്ഥിരമായി 500 ഹെക്ടറില്‍ പഴം പച്ചക്കറി കൃഷി നടന്നിരുന്ന ഇടത്ത് ഇപ്പോള്‍ അത് ഒരു ഹെക്ടറായി കുറഞ്ഞിരിക്കുന്നു

നിലമ്പൂര്‍ വനപ്രദേശം
നിലമ്പൂര്‍ വനപ്രദേശം

"രണ്ട് പ്രശ്‌നങ്ങളാണ് പ്രധാനമായിട്ടുള്ളത്, ഒന്ന്, വന്യജീവികള്‍ക്കും വിശക്കുന്നുണ്ട്. അവര്‍ക്ക് ഭക്ഷണവും, വെള്ളവും ലഭ്യമാക്കണം. കാട്ടുപന്നികളാണ് പ്രധാന പ്രശ്‌നക്കാര്‍. പ്രദേശത്ത് ഏറ്റവും കൂടുതല്‍ നാണ്യവിളകളും ഭക്ഷ്യവിളകളും നശിപ്പിക്കുന്നത് പന്നികളാണ്. സമീപകാലത്തായി ഇവയുടെ എണ്ണത്തിലുള്ള വര്‍ധന മൂലം അവര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇതോടെ ഭക്ഷണം തേടി പന്നികൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തിത്തുടങ്ങി. ചാലിയാര്‍ പഞ്ചായത്തിലെ കാര്യം മാത്രമെടുത്താല്‍ പച്ചക്കറി കൃഷി ഒരു ഹെക്ടറായി കുറഞ്ഞിരിക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുൻപ് സ്ഥിരമായി 500 ഹെക്ടറില്‍ അധികമായിരുന്നു ഇതെന്ന് മനസിലാക്കുമ്പോള്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. ഭക്ഷ്യവിളകളാണ് വന്യമൃഗങ്ങള്‍ പ്രധാനമായും നശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്", നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് പറയുന്നു.

ഭക്ഷ്യ ശൃംഖലയിലെ ഒരു കണ്ണി നഷ്ടപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം ജീവികള്‍ കൂടുതലായി വളര്‍ന്നു പോകുന്നതാണ് പന്നികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണം

നിലമ്പൂര്‍ വനപ്രദേശം
നിലമ്പൂര്‍ വനപ്രദേശം

വനത്തിലെ കുറുക്കന്മാരുടെ അഭാവമാണ് പന്നികളുടെ എണ്ണം ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമായത്. തൊണ്ണൂറുകളിലെ അമിതമായ രാസവളം പ്രയോഗിച്ചുള്ള കൃഷിരീതിയാണ് കുറുക്കന്മാരുടെ വംശനാശത്തിന് കാരണമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന തരത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ കുറുക്കന്മാരുടെ വംശം നശിക്കാന്‍ തുടങ്ങി. ഭക്ഷ്യ ശൃംഖലയിലെ ഒരു കണ്ണി നഷ്ടപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം ജീവികള്‍ കൂടുതലായി വളര്‍ന്നു പോകുന്നതാണ് പന്നികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണമായി ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നത്.

കൃഷിയിടത്തില്‍ ഒരു മയില്‍ വന്നാല്‍ 30 മുതല്‍ 40 വരെ വെണ്ട ഒറ്റത്തവണ ഇല്ലാതാകും. കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതില്‍ പുള്ളിമാനും വലിയൊരു പങ്കുവഹിക്കുന്നു.

നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് പറയുന്നു

കുരങ്ങുകളും ആണ്‍മയിലുകളും കൃഷിയിടങ്ങൾക്ക് ഭീഷണിതന്നെയാണ്. കൃഷിയിടത്തില്‍ ഒരു മയില്‍ വന്നാൽ, 30 മുതല്‍ 40 വരെ വെണ്ട ഓരോതവണയും കഴിച്ചു പോകുന്ന സ്ഥിതിയാണുള്ളത്. കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതില്‍ പുള്ളിമാനും വലിയ പങ്കു വഹിക്കുന്നു. മലയണ്ണാന്‍ ആണ് മറ്റൊരു പ്രശ്‌നം കൊക്കോ പഴങ്ങളിൽ ഏറിയപങ്കും ഭക്ഷിക്കുന്നത് മലയണ്ണാനാണ്, ജയപ്രകാശ് പറഞ്ഞു.

നിലമ്പൂര്‍ വനപ്രദേശം
നിലമ്പൂര്‍ വനപ്രദേശം

സര്‍ക്കാര്‍ തലത്തില്‍ വനം വകുപ്പിനും കൃഷിവകുപ്പിനും പ്രത്യേക ധനസഹായം ഏര്‍പ്പെടുത്തണം. ഇല്ലെങ്കില്‍ ഒരുപാട് വര്‍ഷങ്ങളായി മലയോര വാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാതെയാവും

നിലമ്പൂരിന് കീഴില്‍ തുവൂര്‍ അടക്കം 23 പഞ്ചായത്തുണ്ട്. അവിടെയെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നം കാരണം ഭക്ഷ്യവിളകളുടെ കൃഷി ഉപേക്ഷിച്ച് ജനങ്ങള്‍ റബര്‍, തെങ്ങ് പോലുള്ള വാണിജ്യ വിളകളിലേക്ക് തിരിയുകയാണ്. മൂന്ന് ഭാഗവും കാടിനാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് വഴിക്കടവ്. ഇവിടുത്തെ ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്നത് ആനകളും പന്നികളുമാണ്. വൈദ്യുതി ഫെന്‍സിങ്ങ് അടക്കമുള്ള സംവിധാനങ്ങൾ വനംവകുപ്പ് ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും അതൊന്നും കര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ലെന്നാണ് ആക്ഷേപം. "സര്‍ക്കാര്‍ ഇടപെട്ട് വനം, കൃഷി വകുപ്പുകൾ വഴി നൽകുന്ന നഷ്ടപരിഹാരത്തുക ഉയർത്തണം. ഇല്ലെങ്കില്‍ വര്‍ഷങ്ങളായി മലയോരവാസികള്‍ അനുഭവിക്കുന്ന ഈയൊരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെവരും"- വഴിക്കടവ് പഞ്ചായത്ത് കൃഷി വകുപ്പ് ഓഫീസര്‍ ഡോ. കെ നിസാര്‍ പറയുന്നു.

നഷ്ടപരിഹാരം അനന്തമായി വൈകുന്നു

വന്യജീവി ആക്രമണത്തില്‍ കൃഷി നശിച്ചാല്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയാണ് കൃഷി വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നത്. ഒരു കര്‍ഷകന്‍ ഒരു വാഴ നടുമ്പോൾ ആ വാഴയ്ക്ക് വിള ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍, വാഴ കുലയ്ക്കുന്ന സമയത്ത് വന്യജീവികള്‍ അത് നശിപ്പിച്ചാല്‍ അതിന് കര്‍ഷകന് 300 രൂപ നഷ്ടപരിഹാരം ലഭിക്കും. അതായത് ഉത്പാദനച്ചിലവിന് ആനുപാതികമായ നഷ്ടപരിഹാരത്തുക ലഭിക്കും.

നെല്‍കൃഷിക്ക് ഹെക്ടറിന് 35,000 രൂപ വരെ കിട്ടും. കൃഷിവകുപ്പ് മുഖേനയോ കൃഷിഭവന്‍ മുഖേനയോ ഇന്‍ഷുര്‍ ചെയ്ത വിളകള്‍ക്ക് മാത്രമേ കൃഷി വകുപ്പിന് കീഴിലെ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഇന്‍ഷുര്‍ ചെയ്യാത്ത വിളകളോ പാട്ടഭൂമിയില്‍ നടത്തിയ കൃഷിക്കോ നികുതി ചീട്ട് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലോ കൃഷിയിടങ്ങള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ അതിന് നഷ്ടപരിഹാരം നല്‍കേണ്ടത് വനംവകുപ്പാണ്. പക്ഷേ ഇത് വളരെ ചെറിയ തുക മാത്രമാണ്. മാത്രമല്ല അത് സമയബന്ധിതമായി കൊടുക്കാന്‍ സാധിക്കാറുമില്ല. ഇപ്പോള്‍ നല്‍കി തുടങ്ങുന്നത് രണ്ട് വര്‍ഷം മുന്‍പുള്ള നഷ്ടപരിഹാരത്തുകയാണ് എന്നും ഡോ. കെ നിസാര്‍ ചൂണ്ടിക്കാട്ടുന്നു.

കൃഷി വകുപ്പ് മുഖേനയോ കൃഷിഭവന്‍ മുഖേനയോ ഇന്‍ഷുര്‍ ചെയ്ത വിളകള്‍ക്ക് മാത്രമേ കൃഷി വകുപ്പിന് കീഴിലെ നഷ്ടപരിഹാരം ലഭിക്കു.

നിലമ്പൂര്‍ വനപ്രദേശം
നിലമ്പൂര്‍ വനപ്രദേശം

മരണം പതിയിരിക്കും താഴ്വര

പത്ത് വര്‍ഷത്തിനുള്ളില്‍ 14 പോരാണ് വഴിക്കടവ് മേഖലയിൽ ആനയുടെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത്. വഴിക്കടവ് ആനമറി ഭാഗത്ത് കടുവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. നടുറോഡില്‍ പന്നിയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണവും കൂടുതലാണ്. മലയോരവാസികള്‍ വളരെയധികം ഭീതിയിലാണ്. ജനങ്ങള്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുന്ന സാഹചര്യം എത്തിയപ്പോഴാണ് ഡി എഫ് ഒ ജനങ്ങളുമായി ഒരു ചര്‍ച്ചയ്ക്ക് എങ്കിലും തയ്യാറായത്. ചര്‍ച്ചയില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല. ഡി എഫ് ഒ പിന്നെ സ്ഥലം മാറി പോവുകയും ചെയ്തു" വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി വെള്ളക്കട്ട ദ ഫോര്‍ത്തിനോട് പറഞ്ഞു.

'വന്യജീവികളെ പ്രതിരോധിക്കുന്നതില്‍ വൈദ്യുതി വേലി ഗുണകരമാണെങ്കിലും നിലമ്പൂരിലെ ഭൂപ്രകൃതി വച്ചു നോക്കിയാല്‍ വൈദ്യുതി വേലി അപ്രായോഗികമാണ്. ജനവാസ മേഖലകള്‍ക്കുള്ളിലും പുറത്തും ഇടതൂര്‍ന്ന് വളരുന്ന കാടുകളുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതി വേലി പ്രദേശത്ത് അപ്രായോഗികമാണ്. മറ്റെന്തെങ്കിലും രീതിയില്‍ ഫെന്‍സിങ് നിർമ്മിച്ചാൽ തന്നെ മൃഗങ്ങള്‍ക്ക് കാട്ടില്‍ നിന്നും പുഴകള്‍ വഴി ജനവാസകേന്ദ്രങ്ങളില്‍ എത്താന്‍ സാധിക്കുമെന്നതും നിലമ്പൂരിലെ മറ്റൊരു പ്രത്യേകതയാണ്. ഏതാണ്ട് 12 ഓളം പോഷക നദികൾ കാട്ടിലൂടെയും നാട്ടിലൂടെ ഒഴുകുന്നുണ്ടെന്നും റെജി ചൂണ്ടിക്കാട്ടുന്നു.

മോഹനവാഗ്ദാനങ്ങള്‍ക്കപ്പുറം കര്‍ഷകര്‍ക്ക് ശാശ്വതമായ ഒരു പരിഹാരം ഈ പ്രശ്‌നത്തിന് ആനിവാര്യമാണ്. മൃഗങ്ങള്‍ക്ക് വിശക്കുന്നു എന്നത് തന്നെയാണ് പ്രശ്‌നം.

വന്യമൃഗ ശല്യത്തില്‍ നിന്നൊരു മോചനം മലയോര കര്‍ഷകരുടെ സ്വപ്നമാണ്. മോഹന വാഗ്ദാനങ്ങള്‍ക്കപ്പുറം കര്‍ഷകര്‍ക്ക് വ്യക്തമായ ഒരു പരിഹാരം ഈ പ്രശ്‌നത്തിന് അനിവാര്യമാണ്. മൃഗങ്ങള്‍ക്ക് വിശക്കുന്നു എന്നത് തന്നെയാണ് പ്രശ്‌നം. ആദ്യം അവരുടെ വിശപ്പകറ്റാന്‍ ഉള്ള വഴിയാണ് കണ്ടെത്തേണ്ടത്. അല്ലാതെ തല്‍ക്കാലത്തേക്ക് ഒരു വൈദ്യുതി വേലി പണിത് വെച്ചാല്‍ അത് കടപുഴക്കി എറിഞ്ഞ് വിശപ്പകറ്റാനുള്ള വഴി തേടുകയല്ലാതെ മൃഗങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ വശമില്ല. മൃഗങ്ങളെ പരിഗണിച്ചു കൊണ്ടല്ലാതെ മുന്നോട്ടുപോവുകയും സാധ്യമല്ല. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മതിയായ പരിഹാരം കാണേണ്ടതുണ്ട്. വനംവകുപ്പിന് ആവശ്യമായ സാമ്പത്തിക സഹായവും ആ സാമ്പത്തിക സഹായത്തിന്റെ ശരിയായ ഉപയോഗവും പരമപ്രധാനമാണ്.

logo
The Fourth
www.thefourthnews.in