പോളിങ് ദിനത്തില്‍ സിപിഎമ്മിനെ പൊള്ളിച്ച് 'കട്ടന്‍ചായയും പരിപ്പുവടയും'; അത് തന്റേതല്ലെന്ന് ഇപി ജയരാജന്‍
വയനാട്ടിലെയും ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പിന്‍െണ്‍റ പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി ഒരു 'ആത്മകഥ'. മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന 'കട്ടന്‍ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകമാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും, ബിജെപിയില്‍ ചേരാന്‍ ശോഭാ സുരേന്ദ്രനെ കണ്ടതും പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി സരിനെ സിപിഎം പരിഗണിച്ചതുമടക്കമുള്ളവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഇപിയുടെ ആത്മകഥയെന്ന നിലയില്‍ പ്രചരിക്കുന്ന പുസ്തകഭാഗങ്ങളിലുള്ളത്.
പ്രകാശ് ജാവഡേക്കറിനെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്നു വരുത്തിതീര്‍ത്തതിനു പിന്നില്‍ ശേഭാ സുരേന്ദ്രനാണെന്നാണ് പുസ്തകത്തിലുഒള്ളത്. ''തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഒരു തവണമാത്രമാണ് അവരെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിനു മുമ്പോ ശേഷമോ ഫോണില്‍ പോലും സംസാരിച്ചിട്ടില്ല''- പുസ്തകത്തില്‍ പറയുന്നു.
എറണാകുളത്ത് ഒരു വിവാഹചടങ്ങിനിടെ തന്റെ മകന്റെ ഫോണ്‍നമ്പര്‍ ശോഭ ചോദിച്ചു വാങ്ങിയെന്നും പിന്നീട് മകന്റെ ഫോണില്‍ രണ്ടുമൂന്നു തവണ ശോഭ വിളിച്ചെങ്കിലും അറ്റന്റഡ് ചെയ്തിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ''മകന്റെ ഫോണിലേക്കാണ് ജാവഡേക്കര്‍ വിളിച്ചത്. അച്ഛന്‍ ഉണ്ടോയെന്നു ചോദിച്ചു. അല്‍പം കഴിയുന്നുന്നതിന് മുമ്പ് ഫ്‌ളാറ്റിലെത്തി. ഈ വഴി പോയപ്പോള്‍ കണ്ടുകളയാമെന്നു കരുതി വന്നതാണെന്നു പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും പറഞ്ഞു. അഞ്ച് മിനിറ്റില്‍ കൂടുതല്‍ കൂടിക്കാഴ്ച നീണ്ടില്ല''- പുസ്‌കതത്തില്‍ പറയുന്നു.
''എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടതിലല്ല, പാര്‍ട്ടി തന്നെ മനസിലാക്കാത്തിലാണ് പ്രയാസമെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. കാര്യങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. അന്തിമ തീരുമാനം വരേണ്ടണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്'' - പുസ്‌കതത്തില്‍ പറയുന്നു.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെക്കുറിച്ചും പറയണെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ''ഡോ. പി സരിന്‍ തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോള്‍ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണമെന്നതു നേരാണ്. സ്വതന്ത്രര്‍ പല ഘട്ടങ്ങളിലും ഉപകാരപെട്ടിട്ടുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭവുമുണ്ട്. പിവി അന്‍വര്‍ അതിലൊരു പ്രതീകമാണ്''- പുസ്തകത്തില്‍ പറയുന്നു.
അതേസമയം ഡിസി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ച ഈ ആത്മകഥയിലെ പ്രസക്ത ഭാഗങ്ങള്‍ വിവാദമായതോടെ ഇത് തന്റെ ആത്മകഥയല്ലെന്ന് വ്യക്തമാക്കി ഇപി ജയരാജന്‍ രംഗത്തു വന്നിട്ടുണ്ട്. താന്‍ ആത്മകഥ എഴുതുന്നതേയുള്ളുവെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഭാഗങ്ങള്‍ തന്റെ ആത്മകഥയുടേതല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇപി പറഞ്ഞു.
''ആത്മകഥ എഴുതുകയാണ്. ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. മാത്രമല്ല പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പുറത്തുവന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. തെറ്റായ നടപടിയാണത്. തിരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെതിരേ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ചെയ്ത നടപടിയാണത്. ഇതിനെതിരേ നടപടി സ്വീകരിക്കും''- ഇപി പറഞ്ഞു.