ഇ പി ജയരാജന്‍
ഇ പി ജയരാജന്‍

"വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നുള്ളവർ", മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശകെന്നും ഇ പി ജയരാജൻ

വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു
Updated on
1 min read

വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്നത് പുറത്തുനിന്നെത്തിയവരാണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. "സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്" എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു . കഴിഞ്ഞ ദിവസം സഭയിൽ മുഖ്യമന്ത്രി വിഴിഞ്ഞം സമരത്തെ തള്ളി പറഞ്ഞിരുന്നു. വിഴിഞ്ഞത്തെ സമരം ആസൂത്രിതമാണെന്നും തുറമുഖ നിർമാണം നിർത്തിവയ്‌ക്കില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ പിണറായി വിജയൻ പറഞ്ഞു. ഒരാഴ്‌ചക്കകം മൽസ്യത്തൊഴിലാളികളുമായും ലത്തീൻ അതിരൂപതയോടും ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്
ഇ പി ജയരാജൻ

വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം വട്ട ചർച്ചയും പരാജയപ്പെട്ടു. സമരസമിതിയുമായി മന്ത്രിസഭ ഉപസമിതി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിർത്താനാകില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു. ഇതോടെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി.

സമരസമിതി മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും സർക്കാരുമായുള്ള ചർച്ചയിൽ സമവായത്തിൽ എത്തിയിരുന്നു. എന്നാൽ അവയെല്ലാം നേരത്തെ സർക്കാർ നൽകിയ വാഗ്ദാനം ആണെന്നും കണ്ണിൽ പൊടിയിടാൻ നോക്കുകയാണെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു. വീടില്ലാത്തവരെ 3000 രൂപയ്ക്ക് വാടക കെട്ടിടങ്ങളിൽ പുനരധിവസിപ്പിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഈ നിരക്കിൽ ഇപ്പോൾ എവിടെ വാടക കെട്ടിടങ്ങൾ ലഭിക്കുമെന്നും, അഥവാ ലഭിക്കുമെങ്കിൽ സർക്കാർ തന്നെ കെട്ടിടങ്ങൾ എടുത്തുനൽകണമെന്ന് സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ദ ഫോർത്തിനോട് പ്രതികരിച്ചു.

നിലവിൽ മത്സ്യത്തൊഴിലാളികളുടെ ഉന്നയിച്ച ഏഴിൽ രണ്ട് ആവശ്യങ്ങളിൽ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല. മണ്ണെണ്ണ വിലയും ,തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണം എന്നതായിരുന്നു മൽസ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം.

logo
The Fourth
www.thefourthnews.in