ഏക വ്യക്തിനിയമം: സിപിഎം സെമിനാര്‍ ഇന്ന്, ഇപി  പങ്കെടുക്കില്ല; കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍

ഏക വ്യക്തിനിയമം: സിപിഎം സെമിനാര്‍ ഇന്ന്, ഇപി പങ്കെടുക്കില്ല; കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍

പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
Updated on
1 min read

ഏക വ്യക്തിനിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്. കോഴിക്കോട് സ്വപ്നനഗരിയിലെ ട്രേഡ് സെന്ററില്‍ വൈകീട്ട് നാലിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇടത് മുന്നണി ഘടകകക്ഷി നേതാക്കളും വിവിധ മുസ്ലീം സംഘടനകളുടെയും ബിഡിജെഎസിന്റെയും പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും. അതസമയം, സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപി ജയരാജന്‍ സെമിനാറിന് എത്തില്ല.

ഏക വ്യക്തിനിയമം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് സിപിഎം കേരളത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ തീരുമാനിച്ചത് മുതല്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതും സെമിനാറിനെ സംബന്ധിച്ച് സമസ്തയില്‍ ഉണ്ടായ തര്‍ക്കങ്ങളും വലിയ ചര്‍ച്ചയായി.

ഇപി ജയരാജൻ സെമിനാറില്‍ പങ്കെടുക്കാത്തതും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. കോഴിക്കോട്ട് സെമിനാര്‍ നടക്കുമ്പോള്‍ ഇപി തലസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ സ്‌നേഹവീട് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്. സെമിനാറില്‍ പങ്കെടുക്കാത്തത് എന്തെന്ന് ഇപിയോട് ചോദിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും ഞങ്ങളൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ നടക്കുന്ന സെമിനാര്‍ ഏക വ്യക്തിനിയമത്തിനെതിരായ സമരപരപാടികളുടെ ആദ്യ പടിയായേക്കും. സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും വിഷയത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ജൂലൈ 29 ന് യുഡിഎഫ് തിരുവന്തപുരത്ത് ബഹുസ്വരത സംഗമം സംഘടിപ്പിക്കും. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സ്വീകരിച്ച നിലപാട് ആദ്യഘട്ടത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in