ഇ.പി ജയരാജൻ
ഇ.പി ജയരാജൻ

ജയരാജൻ ബഹിഷ്കരിച്ചാൽ ഇൻഡിഗോയുടെ 'ഓഫീസ് പൂട്ടുമോ'

തിരുവനന്തപുരം-കണ്ണൂർ വിമാന സർവീസുളളത് ഇൻഡിഗോയ്ക്ക് മാത്രം; ജയരാജന്റെ ഇൻഡി​ഗോ ബഹിഷ്കരണം നേതാക്കൾ ഏറ്റെടുക്കുമോ?
Updated on
2 min read

വിമാനത്തിൽ കയറി മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രതിഷേധം ശരിക്കും ഏറ്റിരിക്കുന്നത് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഇ.പി നടത്തിയ കളരിയടവുകൾ വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് അത്ര പിടിച്ചിട്ടില്ല. സംഭവം വിവാദമായതിനു പിന്നാലെ ആഭ്യന്തര സമിതി അന്വേഷണം തുടങ്ങിയിരുന്നു. ലെവല്‍ ഒന്നില്‍വരുന്ന കുറ്റമാണ് ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചെയ്തിരിക്കുന്നതെന്നാണ് സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎയുടെ അംഗീകാരത്തോടെ രണ്ട് കൂട്ടർക്കുമെതിരെ നടപടി എടുത്തു. താരതമ്യേന ചെറിയ കുറ്റമായി കണക്കാക്കി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം അവരെക്കാള്‍ കൂടിയ തെറ്റായതിനാൽ ജയരാജന് മൂന്നാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇ.പിയും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. വിലക്കേർപ്പെടുത്തിയ ഇൻഡിഗോയെ അദ്ദേഹം ബഹിഷ്കരിച്ചു. നടന്നുപോയാലും, ഒട്ടും സ്റ്റാൻഡേർഡ് ഇല്ലാത്ത വിമാനത്തിൽ ഇനി യാത്ര ഇല്ലെന്നും പ്രഖ്യാപിച്ചു. ശേഷം, ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയ ഇ.പി ട്രെയിനിൽ കണ്ണൂരേക്ക് പോയി. ആദ്യ ഭാഗം ശുഭമായി അവസാനിച്ചു.

ഇൻഡിഗോയ്ക്കെതിരെ ആരോപണശരങ്ങൾ ചൊരിഞ്ഞ് ഇ.പി ട്രെയിൻ യാത്ര തുടരുമ്പോൾ, സിപിഎം അണികൾ കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാല തുടങ്ങിയിരുന്നു. താന്‍ ആരാണെന്ന് അവര്‍ക്ക് മനസിലായിട്ടില്ലെന്ന ഇ.പിയുടെ ഡയലോഗ്, ഇന്‍ഡിഗോയ്‌ക്കെതിരായ വെല്ലുവിളിയെന്നോണമാണ് അണികൾ ഏറ്റെടുത്തത്. വെട്ടുക്കിളികളെ പോലെ, നാലുപാടു നിന്നും അവർ ആക്രമണം തുടരുകയാണ്. അതേസമയം, നേതാക്കളാരും ഇ.പിയുടെ ആഹ്വാനം ഏറ്റുപിടിച്ചിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെ കണ്ണൂരിൽ നിന്നുള്ള പ്രധാന നേതാക്കളെല്ലാം തലസ്ഥാനത്തുനിന്ന് നാട്ടിലേക്കു പോകാന്‍ ആശ്രയിക്കുന്നത് ഇന്‍ഡിഗോയെ ആണ്. അതിനാൽ, കടന്നല്‍ക്കൂട്ടത്തിന്റെ സോഷ്യല്‍ മീഡിയ വിളയാട്ടവും ട്രോളന്മാരുടെ പരിഹാസവും മാറ്റിനിര്‍ത്തിയാല്‍, ഇ.പിയുടെ വരും കാല യാത്രകൾ എങ്ങനെയായിരിക്കും, ഏതൊക്കെ നേതാക്കൾ അതിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും എന്നിങ്ങനെ കാര്യങ്ങളാണ് അടുത്ത ഭാഗം.

ഇൻഡിഗോ അല്ലാതെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മറ്റൊരു കമ്പനിയും നേരിട്ട് വിമാന സർവീസ് നടത്തുന്നില്ല.

ഇൻഡിഗോ അല്ലാതെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മറ്റൊരു കമ്പനിയും നേരിട്ട് വിമാന സർവീസ് നടത്തുന്നില്ല. ദിവസവും രാവിലെ 11.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 12.40ന് കണ്ണൂരിൽ എത്തുന്ന വിധമാണ് ഇൻഡിഗോ സർവീസ്. ഉച്ച കഴിഞ്ഞ് 3.50ന് കണ്ണൂരില്‍നിന്ന് തിരിച്ച് വൈകിട്ട് 5ന് വിമാനം തലസ്ഥാനത്തെത്തും. ഒരു മണിക്കൂർ 20 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടിവരുന്നത്. ഇൻഡിഗോയുടെ മറ്റൊരു സർവീസ് തിരുവനന്തപുരം - ബാംഗ്ലൂർ - കണ്ണൂർ റൂട്ടിലാണ്. 7 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം. ഇതല്ലാതെ പിന്നെയുള്ളത് എയർ ഇന്ത്യയാണ്. പക്ഷേ, തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ എത്താൻ 13 മണിക്കൂറെങ്കിലും വേണ്ടിവരും. തിരുവനന്തപുരം ഡൽഹി വഴിയാണ് എയർ ഇന്ത്യയുടെ കണ്ണൂർ യാത്ര. സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഒരുപോലെ ബാധിക്കും. വിമാനത്തില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, കാറിലോ, ട്രെയിനിലോ കൊച്ചിയിലെത്തി അവിടെനിന്നും കണ്ണൂരേക്ക് ടിക്കറ്റ് എടുക്കേണ്ടിവരും. അത് അത്ര എളുപ്പമുള്ള സംഗതിയല്ല. എന്നാൽ ട്രെയിന്‍ സര്‍വീസ് യഥേഷ്ടമുണ്ട്. പക്ഷേ, കുറഞ്ഞത് ഒമ്പത് മണിക്കൂറെങ്കിലും യാത്രയ്ക്ക് വേണ്ടിവരും. ഇതാണ് എല്ലാവർക്കും ബാധകമാകുന്ന വസ്തുത.

ഇ.പി ജയരാജൻ
വിമാനത്തിലെ സംഘര്‍ഷം: ഇന്‍ഡിഗോയും, കേരള പോലീസും രണ്ട് തട്ടില്‍; ഇപി ജയരാജന് മൂന്നാഴ്ച വിലക്ക്

നിലവാരമില്ലാത്ത, വൃത്തികെട്ട കമ്പനിയാണ് ഇൻഡിഗോ എന്നാണ് ഇ.പിയുടെ ആക്ഷേപം. എന്നാൽ ഇൻഡിഗോയുടെ ഇതുവരെയുള്ള സർവീസും യാത്രക്കാരുടെ കണക്കുകളുമൊക്കെ ഇ.പിയുടെ വാദത്തിന് എതിരാണ്. ഇന്റർ‍ഗ്ലോബ് എന്റര്‍പ്രൈസസിന്റെ രാഹുല്‍ ഭാട്ടിയയും പ്രവാസിയും അമേരിക്കന്‍ വ്യവസായിയുമായ രാകേഷ് ഗാങ്ങ്വാലും ചേര്‍ന്ന് സ്ഥാപിച്ച സ്വകാര്യ കമ്പനിയാണ് ഇന്‍ഡിഗോ. ഹരിയാനയിലെ ഗുഡ്ഗാവിൽ 2005ല്‍ രൂപീകരിച്ച കമ്പനി തൊട്ടടുത്ത വർഷം മുതൽ പ്രവർത്തനം ആരംഭിച്ചു. 2011ലാണ് ഇൻഡിഗോയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസിനുള്ള ലൈസന്‍സ് ലഭിച്ചത്. പിന്നാലെ, കൂടുതൽ രാജ്യാന്തര, ആഭ്യന്തര ഇടങ്ങൾ സർവീസിൽ ഇടം പിടിച്ചു. നിലവിൽ യാത്രക്കാരുടെ എണ്ണത്തിലും, മൊത്തം വിമാനങ്ങളുടെ എണ്ണത്തിലും രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനാണ് ഇന്‍ഡിഗോ. 1600ലധികം സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. 24 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോയ്ക്ക് ഇന്ത്യയിൽ 73 ഇടങ്ങളിലേക്ക് സർവീസുണ്ട്. 58 ശതമാനമാണ് ഇൻഡിഗോയുടെ ആഭ്യന്തര വിപണി വിഹിതം.

ഇന്‍ഡിഗോ ബഹിഷ്കരണത്തില്‍ ഇ.പി ഉറച്ചുനിന്നാൽ, കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കേണ്ടി വരും.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നതിനാൽ, ഇന്‍ഡിഗോ ബഹിഷ്കരണത്തില്‍ ഇ.പി ഉറച്ചുനിന്നാൽ, കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ റോഡുമാര്‍ഗം പോകേണ്ടി വരും. ഒന്നര മണിക്കൂറിൽ സാധ്യമായിരുന്ന യാത്രയ്ക്ക് കൂടുതൽ സമയം ചെലവിടേണ്ടിവരും. അതിനാല്‍, ഇ.പിയുടെ ഇന്‍ഡിഗോ ബഹിഷ്കരണം മറ്റു നേതാക്കളാരും ഏറ്റെടുക്കാനുള്ള സാധ്യതയും കാണുന്നില്ല. മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇൻഡിഗോ ബഹിഷ്കരണം ഏറ്റെടുക്കുമോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യവും നേതാക്കൾ കേട്ട മട്ടില്ല. തിരിച്ചടികൾക്കൊപ്പം തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയിൽ ഇ.പിക്ക് വാക്ക് മാറ്റേണ്ടി വരുമോ എന്ന് കണ്ടറിയണം. അതല്ലെങ്കിൽ, വിലക്ക് തീരും വരെ കാത്തിരിക്കാതെ പ്രശ്നത്തിന് രമ്യമായൊരു പരിഹാരം കാണേണ്ടി വരും. ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കുമുള്ള അവസരം നിലനിൽക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

logo
The Fourth
www.thefourthnews.in