വയർലെസ് സന്ദേശം ചോർത്തിയ കേസ്; ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
പോലീസിൻ്റെ വയർലസ് സന്ദേശം ചോർത്തിയെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം അഡി. സെഷൻസ് കോടതി. മുൻകൂർ ജാമ്യം തേടി ഷാജൻ സ്കറിയ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജി തീർപ്പാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ആലുവ ഈസ്റ്റ് സി ഐയ്ക്ക് കോടതി നിർദ്ദേശം നൽകി.
പോലീസിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ നിയമവിരുദ്ധമായി കടന്നു കയറി വയർലെസ് സന്ദേശം ചോർത്തിയെന്നും ഇതു തന്റെ ഫേസ് ബുക്ക് പേജിൽ ഷാജൻ സ്കറിയ പ്രസിദ്ധീകരിച്ചെന്നുമാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിൽ കോടതി അറസ്റ്റ് തടഞ്ഞിരുന്നു.
പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തി യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തെന്നാരോപിച്ച് പി വി അൻവർ നൽകിയ മറ്റൊരു പരാതിയിലാണ് ആലുവ പോലീസ് ഷാജനെതിരെ കേസെടുത്തത്. പോലീസിന്റെ വയർലെസ് സന്ദേശം ചോർന്നെന്ന് പോലീസ് ഉദ്യോഗസ്ഥരല്ല, മൂന്നാമതൊരു കക്ഷിയാണ് പരാതി നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി.