എടിഎം പിൻ രഹസ്യമായി സൂക്ഷിക്കേണ്ടത് ഉപഭോക്താവ്;  പണം നഷ്ടപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്താനാവില്ലെന്ന് ഉപഭോക്തൃ കോടതി

എടിഎം പിൻ രഹസ്യമായി സൂക്ഷിക്കേണ്ടത് ഉപഭോക്താവ്; പണം നഷ്ടപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്താനാവില്ലെന്ന് ഉപഭോക്തൃ കോടതി

ഉപഭോക്താവിന് പരാതി സമർപ്പിക്കാനുള്ള കസ്റ്റമർ കെയർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് പോസ്റ്റ് മാസ്റ്റർ ജനറൽ ഉറപ്പുവരുത്തണം
Updated on
1 min read

എടിഎം പിൻ രഹസ്യമായി സൂക്ഷിക്കുന്നതിൽ ഉപഭോക്താവ് വീഴ്ചവരുത്തിയാൽ പണം നഷ്ടപ്പെട്ടതിന് തപാൽ വകുപ്പിനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. എന്നാൽ, ഉപഭോക്താവിന് പരാതി സമർപ്പിക്കാനുള്ള കസ്റ്റമർ കെയർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ ഉറപ്പുവരുത്തണമെന്ന് ഉപഭോക്തൃ കമ്മീഷൻ നിർദേശം നൽകി. എറണാകുളം കങ്ങരപ്പടി സ്വദേശി അഞ്ജു സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.

എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യവെയാണ് പരാതിക്കാരിയുടെ പേഴ്സ് നഷ്ടപ്പെട്ടത്. തപാൽ വകുപ്പിന്റെ പോസ്റ്റ് ഓഫീസ് സേവിങ് ബാങ്കിന്റെ എടിഎം കാർഡും പേഴ്സിൽ ഉണ്ടായിരുന്നു. 66,060 രൂപയും അക്കൗണ്ടിലുണ്ടായിരുന്നു. പേഴ്സ് നഷ്ടപ്പെട്ട വിവരം പരാതിക്കാരി പോലീസ് സ്റ്റേഷനില്‍ അറിയിച്ചുവെങ്കിലും 25,000 രൂപ അതിനകം ആരോ അക്കൗണ്ടിൽ നിന്നും പിൻവലിച്ചു. ശനിയും ഞായറും കസ്റ്റമർ കെയർ അവധിയായതിനാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള പരാതിക്കാരിയുടെ ശ്രമങ്ങളും പരാജയപ്പെട്ടു.

കസ്റ്റമർ കെയർ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നുവെങ്കിൽ തന്റെ പണം നഷ്ടപ്പെടുമായിരുന്നില്ല എന്നാണ് പരാതിക്കാരി ചൂണ്ടിക്കാട്ടിയത്. പണം നഷ്ടപ്പട്ട ഉടനെ തന്നെ ബന്ധപ്പെട്ട പോസ്റ്റോഫീസിൽ പരാതിപ്പെട്ടില്ലെന്ന് എതിർകക്ഷി കോടതിയെ ബോധിപ്പിച്ചു. പരാതിക്കാരിക്ക് മാത്രം അറിയാവുന്ന പിൻ ഉപയോഗിച്ചല്ലാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ കഴിയില്ല. പരാതിക്കാരിയുടെ അശ്രദ്ധ മൂലമാണ് പിൻ ഉപയോഗിച്ച് പണം പിൻവലിക്കാൻ അവസരം ഉണ്ടായതെന്നും എതിർകക്ഷി വാദിച്ചു.

എടിഎം കാർഡിനൊപ്പം പിൻ രേഖപ്പെടുത്തി വെച്ചതാകാം ഇതിന് കാരണമായത് . പരാതിക്കാരിയുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് എതിർ കക്ഷി നഷ്ടം നൽകണമെന്ന വാദം നിലനിൽക്കുന്നതല്ലെന്ന തപാൽ വകുപ്പിന്റെ വാദം കമ്മീഷന്‍ അംഗീകരിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന പരാതിക്കാരിയുടെ ആവശ്യം തള്ളി. എന്നാൽ എതിർ കക്ഷിക്ക് വേണ്ടി ഹാജരായ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനോട് കസ്റ്റമർ കെയറിലേക്ക് വിളിക്കാൻ കോടതി നിർദേശിച്ചു. കസ്റ്റമര്‍ കെയറിലേക്കുള്ള കോളിനോട് ആരും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് 24 മണിക്കൂറും കസ്റ്റമർ കെയർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പോസ്റ്റ് മാസ്റ്റർ ജനറലിന് ഉപഭോക്തൃ കോടതി നിര്‍ദേശം നൽകിയത്.

logo
The Fourth
www.thefourthnews.in