ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം: എറണാകുളം കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം: എറണാകുളം കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

അവധി പ്രഖ്യാപിക്കാന്‍ വൈകിയ സാഹചര്യത്തെക്കുറിച്ച് കളക്ടറോട് വിശദീകരണം തേടണമെന്ന് ആവശ്യം
Updated on
1 min read

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അവധി പ്രഖ്യാപിക്കാന്‍ വൈകിയ സാഹചര്യത്തെക്കുറിച്ച് കളക്ടറോട് വിശദീകരണം തേടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ എം ആര്‍ ധനിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എറണാകുളം ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും രാവിലെ എട്ടിന് മുന്‍പ് ക്ലാസ് ആരംഭിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. രാവിലെ 8. 45നാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഈ സമയം കുട്ടികള്‍ ക്ലാസില്‍ എത്തിയിരുന്നു. സ്‌കൂളുകളില്‍ ഫോണ്‍ അനുവദിക്കാത്തതിനാല്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ ബന്ധപ്പെടാനും സാധിച്ചില്ല. അവധി പ്രഖ്യാപിച്ച് ഒന്നേമുക്കാല്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാമെന്ന് കളക്ടര്‍ സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. ഇത് ആശയക്കുഴപ്പത്തിന് കാരണമായി. അവധി പ്രഖ്യാപിക്കുന്നതിന് പ്രത്യേകം ഗൈഡ് ലൈന്‍ രൂപീകരിക്കണം. നിശ്ചിത സമയത്തിന് മുന്‍പ് അവധിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കനത്ത മഴ കണക്കിലെടുത്താണ് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാത്രി തുടങ്ങിയ മഴ രാവിലെയും തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്നായിരുന്നു കളക്ടറുടെ വിശദീകരണം.

നേരത്തെ, കളക്ടറുടെ നടപടിക്കെതിരെ ബൈജു നോയല്‍ എന്ന രക്ഷിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. അവധി പ്രഖ്യാപനം വൈകിയതിനെ ചോദ്യം ചെയ്തായിരുന്നു പരാതി. കളക്ടറുടെ അവധി പ്രഖ്യാപനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ, സാഹചര്യം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജനും വ്യക്തമാക്കിയിരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള അവധി പ്രഖ്യാപനങ്ങള്‍ നേരത്തേ വേണം. സ്‌കൂളുകളില്‍ നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് നല്ലത്. എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുന്നുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in