തിരുവനന്തപുരം നഗരത്തെ അമ്പരപ്പിച്ച മതില്‍ചാട്ടം, 24 മണിക്കൂറോളം നീണ്ട തെരച്ചില്‍; ഒടുവില്‍ 'മങ്കി റിട്ടേണ്‍സ്'
ഉദ്യോഗസ്ഥരെ വെട്ടിച്ച് അപ്രതീക്ഷിതമായ മതില്‍ ചാട്ടം, 24 മണിക്കൂറോളം നീണ്ട തെരച്ചില്‍, വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന വിഷയം, ഒടുവില്‍ ഏവരെയും അമ്പരപ്പിച്ച് തിരിച്ചുവരവ്. സിനിമാക്കഥയാണെന്ന് തോന്നിയെങ്കില്‍ തെറ്റി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഗ്രേ ലംഗൂര്‍ അഥവാ ഹനുമാന്‍ കുരങ്ങിന്റെ 'ഗ്രേറ്റ് എസ്‌കേപ്പ്'. തിരുപ്പതിയില്‍ നിന്നെത്തിച്ച രണ്ടു കുരങ്ങുകളില്‍ പെണ്‍കുരങ്ങാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നുവിടുന്നതിനിടെ മതിലുചാടിക്കടന്ന് രക്ഷപെട്ടത്.
ഇണയായ ആണ്‍കുരങ്ങിനെ ഉപേക്ഷിച്ച് തനിച്ചുള്ള മതില്‍ ചാട്ടം മൃഗശാല അധികൃതര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല
കൂടുതുറക്കുന്നതിനിടെ പെണ്‍കുരങ്ങ് ചാടിപ്പോയതോടെ മൃഗശാല അധികൃതര്‍ പരുങ്ങലിലായി, ആക്രമണ സ്വഭാവമുള്ള കുരങ്ങുവര്‍ഗമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ക്കും ആശങ്ക. കൃത്യമായ പ്ലാനിങ്ങോടെയാണ് കുരങ്ങിനെ തുറന്നുവിട്ടതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കിയെങ്കിലും പഴുതടച്ച സജ്ജീകരണങ്ങള്‍ക്കിടയില്‍ നിന്ന് എങ്ങനെ കുരങ്ങന്‍ രക്ഷപെട്ടുവെന്ന ചോദ്യം ഉത്തരം കിട്ടാതെ കിടന്നു. ഇണയായ ആണ്‍കുരങ്ങിനെ ഉപേക്ഷിച്ച് തനിച്ചുള്ള മതില്‍ ചാട്ടം മൃഗശാല അധികൃതര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. ചാടിപ്പോയ കുരങ്ങിനായി തിരച്ചില്‍ വ്യാപിപ്പിക്കുന്നു, വിഷയം വാര്‍ത്തകളില്‍ നിറയുന്നു, ഒടുവില്‍ സോഷ്യല്‍ മീഡിയയും വിഷയം ഏറ്റെടുത്തു. പിന്നാലെ ട്രോളുകളും എത്തി. ആദിപുരുഷിന്റെ ഷോ കാണാന്‍ ഹനുമാന് സീറ്റ് ഒഴിച്ചിടണമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെയും ഹനുമാന്‍ കുരങ്ങിന്റെ ചാടിപ്പോക്കിനെയും ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു ട്രോളുകള്‍. മിഷന്‍ അരിക്കൊമ്പന്‍ പോലെ മിഷന്‍ ഹനുമാന്‍ കുരങ്ങ് ഉണ്ടാകുമോ എന്ന ചോദ്യവും ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമായി.
മൃഗശാലയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ കൃഷ്ണമൃഗങ്ങള്‍ ചത്ത സംഭവവും, കുരങ്ങന്‍ ചാടിപ്പോയ വിഷയവും ചൂണ്ടിക്കാട്ടി മൃഗശാല അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടാകുന്നതെന്ന തരത്തില്‍ വിവാദവും പൊട്ടിപ്പുറപ്പെട്ടു. വാര്‍ത്ത കത്തിപ്പടരുന്നതിനിടെയാണ് രാത്രിയോടെ ബെയിന്‍സ് കോമ്പൗണ്ടിലെ മരത്തിനു മുകളില്‍ കുരങ്ങിനെ കണ്ടെത്തുന്നത്. അധികൃതര്‍ എത്തിയപ്പോഴേക്കും വീണ്ടും ഹനുമാന്‍ അപ്രത്യക്ഷന്‍.
ചെറിയമരങ്ങളില്‍ ഒന്നും ഇരിക്കാതെ വലിയമരങ്ങള്‍ മാത്രം തേടിപ്പോകുന്നതാണ് ഹനുമാന്‍ കുരങ്ങിന്റെ ശീലമെന്നതും തിരിച്ചടിയായി
നേരം ഇരുട്ടിവെളുത്തിട്ടും ഹനുമാന്‍ കുരങ്ങിന്റെ വിവരമില്ലാതായതോടെ വിഷയത്തിന് ഗൗരവം കൂടി. ഇന്ന് രാവിലെ പന്ത്രണ്ടോളം ജീവനക്കാരെ മ്യൂസിയത്തിനു സമീപമുള്ള കെട്ടിടങ്ങള്‍ക്കു മുകളിലായി നിര്‍ത്തി അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. ചെറിയമരങ്ങളില്‍ ഒന്നും ഇരിക്കാതെ വലിയമരങ്ങള്‍ മാത്രം തേടിപ്പോകുന്നതാണ് ഹനുമാന്‍ കുരങ്ങിന്റെ ശീലമെന്നതും തിരിച്ചടിയായി. കുരങ്ങ് ഇരിക്കുന്ന മരത്തിനു ചുറ്റും കാക്കകള്‍ കൂട്ടമായി എത്തുമെന്ന നിഗമനത്തില്‍ കാക്കക്കൂട്ടത്തെ നിരീക്ഷിക്കലായി അടുത്ത പണി. ജീവനക്കാരും അധികാരികളും കുരങ്ങന്റെ തിരിച്ചുവരവിനായി കാത്തിരിക്കുമ്പോഴാണ് 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് ഉച്ചയോടെ ഹനുമാന്‍കുരങ്ങ് തിരിച്ചെത്തിയത്. മങ്കി റിട്ടേണ്‍സ്.
കുരങ്ങനെ പിടികൂടാന്‍ തല്‍ക്കാലം ശ്രമിക്കുന്നില്ലെന്നും പുറത്തെ സാഹചര്യങ്ങള്‍ തനിക്ക് പറ്റിയതല്ലെന്ന് തിരച്ചറിഞ്ഞതുകൊണ്ട് കുരങ്ങന്‍ തിരികെ വന്നതാണെന്നും മൃഗശാല ഡയറക്ടര്‍
മൃഗശാല കോമ്പൗണ്ടിലെ ഉയരമുള്ള മരരത്തിനു മുകളിലാണ് ഇന്ന് ഉച്ചയ്ക്ക് കുരങ്ങിനെ കണ്ടെത്തിയത്. കുരങ്ങന്‍ താഴെയിറങ്ങുന്നത് കണ്ണുനട്ട് കാത്തിരുന്നവരെ വീണ്ടും നിരാശരാക്കിക്കൊണ്ട് കുരങ്ങന്‍ മരത്തിനു മുകളില്‍ തന്നെ തുടര്‍ന്നു. എന്തായാലും കുരങ്ങന്‍ കോമ്പൗണ്ടിലെത്തിയല്ലോ എന്ന ആശ്വാസത്തില്‍ ജീവനക്കാരുടെ ആശങ്കയകന്നു. താഴെയെത്തിക്കാന്‍ പണിപ്പെട്ട് വീണ്ടും കുരങ്ങന്‍ ചാടിപ്പോകുമോയെന്ന ഭീതി കൊണ്ടായിരിക്കണം കുരങ്ങനെ പിടിച്ച് കൂട്ടിലിടാനുള്ള ശ്രമങ്ങള്‍ നടത്തേണ്ട എന്ന തീരുമാനത്തിലെത്തി അധികൃതര്‍.
ഹനുമാന്‍ കുരങ്ങനെ പിടികൂടാന്‍ തല്‍ക്കാലം ശ്രമിക്കുന്നില്ലെന്നും പുറത്തെ സാഹചര്യങ്ങള്‍ തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് കുരങ്ങന്‍ തിരികെ വന്നതാണെന്നും മൃഗശാല ഡയറക്ടര്‍ എസ് അബു മാധ്യമങ്ങളോട് പറഞ്ഞു. കുരങ്ങ് ആക്രമണ സ്വഭാവമുള്ളതല്ലെന്നും മൃഗശാല ഡയറക്ടര്‍ വ്യക്തമാക്കി.
ഒടുവില്‍ വിവാദങ്ങളും ആശങ്കകളും തല്‍കാലം ഒഴിഞ്ഞ് രംഗം ശാന്തമായി. ഇപ്പോഴും തന്നെ അന്വേഷിച്ച് എല്ലാവരും പരക്കം പാഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞതും ഒന്നും അറിയാതെ താഴേക്കിറങ്ങി കൂട്ടില്‍ കയറണോ വേണ്ടയോയെന്ന് സംശയിച്ച് മരത്തിനുമുകളിലിരിക്കുകയാണ് ഹനുമാന്‍ കുരങ്ങന്‍. അതേസമയം, കുരങ്ങുകള്‍ക്കൊപ്പം തിരുപ്പതിയില്‍ നിന്ന് തിരുവനന്തപുരം മൃഗശാലയിലെത്തിച്ച സിംഹങ്ങളെ നാളെമുതല്‍ കൂട്ടിലേക്ക് മാറ്റും.