കമ്മ്യൂണിസ്റ്റ്, ബിജെപി ഒഴികെ രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം കുടുംബവാഴ്ച; കോണ്‍ഗ്രസ് മാത്രം വിമര്‍ശിക്കപ്പെടുന്നു: തരൂര്‍

കമ്മ്യൂണിസ്റ്റ്, ബിജെപി ഒഴികെ രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം കുടുംബവാഴ്ച; കോണ്‍ഗ്രസ് മാത്രം വിമര്‍ശിക്കപ്പെടുന്നു: തരൂര്‍

കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേയായിരുന്നു ശശി തരൂരിന്റെ പ്രവചനം
Updated on
1 min read

രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബ വാഴ്ചയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേ ആയിരുന്നു ശശി തരൂരിന്റെ വിശകലനം. ബിജെപി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബവാഴ്ചയാണ് നിലനില്‍ക്കുന്നത് എന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.

മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, കരുണാനിധി, ബാല്‍ താക്കറെ, ശരദ് പവാര്‍ എന്നിവരെ ചൂണ്ടിക്കാട്ടിയാണ് കുടുംബവാഴ്ചയെ ശശി തരൂര്‍ പരാമര്‍ശിച്ചത്. അതേസമയം, ജനാധിപത്യത്തില്‍ കുടുംബവാഴ്ച വെല്ലുവിളിയാണെന്ന് സമ്മതിച്ചിട്ടും, കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ അവസ്ഥയെ നിരീക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ അവസ്ഥയെ നിരീക്ഷിക്കണം

അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ കുതിപ്പ് ആവര്‍ത്തിക്കാന്‍ 2024ല്‍ ബിജെപിക്ക് സാധിക്കില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു. 2024ല്‍ വിജയം അസാധ്യമാകുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടുമെന്നുമാണ് ശശി തരൂരിന്റെ പ്രവചനം. രാജ്യത്ത് ബിജെപിയുടെ ആധിപത്യം സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് പല സംസ്ഥാനങ്ങളും നഷ്ടപ്പെട്ടു എന്നത് വസ്തുതയാണെന്നും കേന്ദ്രഭരണം അവര്‍ക്ക് നഷ്ടമാകുന്ന കാലം വിദൂരമല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

2019-ല്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളും, ബീഹാര്‍, മധ്യപ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് ഒഴികെയും ബംഗാളില്‍ 18 സീറ്റുകളും പിടിച്ചടക്കിയ ബിജെപിക്ക് ഇത്തവണ അത്തരത്തിലുള്ള ഉജ്വലമായ വിജയം കൈവരിക്കാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തെയും ബാലാകോട്ട് സ്ട്രൈക്കിനെയും പരാമര്‍ശിച്ചു തരൂര്‍ കഴിഞ്ഞ തവണ അവസാന നിമിഷം സ്വന്തമാക്കിയ തരംഗം 2024ല്‍ ആവര്‍ത്തിക്കില്ല. ഇക്കുറി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാകും. പക്ഷേ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിയെ ഭൂരിപക്ഷ സ്ഥാനത്ത് നിന്ന് പുറത്താനാകുമോ എന്ന ചോദ്യത്തിന് അസാധ്യം എന്നാണ് തരൂര്‍ ഉത്തരം നല്‍കിയത്. 'ബിജെപിക്ക് 250ഉം മറ്റുള്ളവര്‍ക്ക് 290ഉം സീറ്റുകള്‍ ലഭിച്ചാല്‍ പോലും അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് തരൂരിന്റെ ഭാഷ്യം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 543ല്‍ 303 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് നേടാനായത്

logo
The Fourth
www.thefourthnews.in