ഓണാഘോഷത്തിനിടെ 
50 ലക്ഷം വില വരുന്ന മയക്ക്
മരുന്ന് പിടികൂടി എക്‌സൈസ്

ഓണാഘോഷത്തിനിടെ 50 ലക്ഷം വില വരുന്ന മയക്ക് മരുന്ന് പിടികൂടി എക്‌സൈസ്

റെയ്ഡിൽ ആയിരം ലിറ്ററിനടുത്ത് അനധികൃതമായ മദ്യവും എക്സൈസ് പിടികൂടിയിട്ടുണ്ട്
Updated on
2 min read

ഓണം സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് 50 ലക്ഷം വില വരുന്ന മയക്ക് മരുന്ന് പിടികൂടി എക്‌സൈസ്. സംഭവത്തിൽ വിവിധ വകുപ്പുകളിലായി 998 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റെയ്ഡിൽ ആയിരം ലിറ്ററിനടുത്ത് അനധികൃതമായ മദ്യവും എക്സൈസ് പിടികൂടിയിട്ടുണ്ട്.

16.045 കിലോഗ്രാം കഞ്ചാവും 40.042 ഗ്രാം എംഡിഎംഎയുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം 47 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളുമായി ബന്ധപ്പെട്ട് 52 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കൂടാതെ 2,50,200 രൂപ പിഴയായി പിരിച്ചെടുക്കുകയും ഉണ്ടായി.

എംഡിഎംഎയ്ക്കും കഞ്ചാവിനും പുറമെ 1,257.617 കിലോഗ്രാം നിരോധിച്ച പുകയിലയും എക്‌സൈസ് പിടിച്ചെടുത്തു. തുടര്‍ന്ന് സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് പ്രകാരം 1252 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മയക്ക് മരുന്നിന് പുറമെ ലിറ്റര്‍കണക്കിന് മദ്യവും എക്‌സൈസ് കണ്ടെടുത്തു. 271 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 111 ലിറ്റര്‍ ചാരായം, 3,496 ലിറ്റര്‍ വാഷ്, 505.650 ലിറ്റര്‍ വ്യാജ മദ്യം, 185 ലിറ്റര്‍ കള്ള് എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡിനിടെ 32,640 രൂപയും പിടിച്ചെടുക്കുകയുണ്ടായി.

ഉച്ചക്കടയില്‍ മൂന്ന് പേരില്‍ നിന്ന് പിടികൂടിയ 504 ലിറ്റര്‍ വ്യജ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് റെയ്ഡിലെ ഏറ്റവും വലിയ പിടിച്ചെടുക്കലില്‍ ഒന്ന്. കോവളത്ത് നിന്ന് 14.91 ഗ്രാമും വിതുരയില്‍ നിന്ന് 12.6 ഗ്രാമും എന്നിങ്ങനെ റെയ്ഡില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ രണ്ട് തവണയാണ് പിരിച്ചെടുത്തത്. ഒരാളെ 185 ലിറ്റര്‍ വ്യാജ മദ്യവുമായി മെനംകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു.

മയക്ക്മരുന്നും മദ്യവും കൂടാതെ ഡ്രൈവിനിടെ 24 വാഹനങ്ങളും പിടിച്ചെടുക്കുകയുണ്ടായി. 93 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്, ഈ നിയമം പ്രകാരം 79 പേരെ കേസില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും, ലഹരി വസ്തുക്കളുടെ അളവും കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍വളരെ അധികമാണ്. ഓണാഘോഷങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണിതെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബാലചന്ദ്രന്‍ ബി പറയുന്നു.

തമിഴ്നാട് പോലീസിന്റെ സഹായത്തോടെ അതിര്‍ത്തിയിലാണ് എക്‌സൈസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മയക്ക്മരുന്ന് വ്യാപാരം നടക്കുന്നതായി സംശയിക്കുന്ന അതിര്‍ത്തി മേഖലയില്‍ സംയുക്ത റെയ്ഡുകള്‍ നടത്തി. ഇത് മയക്ക്മരുന്നിന്റെ ഒഴുക്ക് തടയാൻ സഹായിച്ചു.

ഇത് കൂടാതെ, തീരദേശ പോലീസിന്റെ സഹായത്തോടെ തീര മേഖലയിലും ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഡി.സി.പി പറയുന്നു.

ഓണത്തിന് മുന്നോടിയായി തീരപ്രദേശങ്ങളില്‍ എക്‌സൈസ് ചാരന്മാരെ നിയോഗിക്കുകയും അവിടെ സംയുക്ത റെയ്ഡുകള്‍ നടത്തുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് നഗരത്തില്‍ പരിശോധന നടത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഓഗസ്റ്റ് 6നാണ് ഓണം പ്രമാണിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചത്. 30 ദിവസം നീണ്ട് നിന്ന ഈ റെയ്ഡ് സെപ്റ്റംബര്‍ 5ന് അവസാനിക്കും. റെയ്ഡ് അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കണക്കുകള്‍ വീണ്ടും ഉയരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സ്‌പെഷ്യല്‍ റെയ്ഡിന്റെ ഭാഗമായി, ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ഡ്രോള്‍ റൂമും, രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും, ഒരു ബോര്‍ഡര്‍ പെട്രോളിങ് യൂണിറ്റും വിന്യസിപ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in