ഫണ്ട് ദുർവിനിയോഗം: തിരുവനന്തപുരം കോർപറേഷനെതിരെ കൂടുതൽ പരാതി; ഹൈക്കോടതി വിശദീകരണം തേടി
തിരുവനന്തപുരം കോർപറേഷനെതിരെ കൂടുതൽ പരാതിയുമായി കൗൺസിലർ അടക്കമുള്ളവർ ഹൈക്കോടതിയിൽ. ഹർജികളിൽ ജസ്റ്റിസ് അനു ശിവരാമൻ സർക്കാരിന്റെയും തിരുവനന്തപുരം കോർപറേഷന്റെയും വിശദീകരണം തേടി. അനധികൃത നിയമനങ്ങളും കെട്ടിട പെർമിറ്റ് ക്രമക്കേടുകളും സംബന്ധിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോർപറേഷനിൽ വലിയതോതിൽ ഫണ്ട് ദുർവിനിയോഗവും അഴിമതിയും നടക്കുകയാണെന്നും ചൂണ്ടിക്കാട്ടി 96-ാം ഡിവിഷൻ കൗൺസിലർ എസ് സുരേഷ് കുമാറാണ് ഹർജി നൽകിയിരിക്കുന്നത്. കോർപേറേഷനിൽ താല്ക്കാലിക നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളായ സുപ്രിയ, വി എസ് ലാലുമോൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
പട്ടിക വിഭാഗം ഫണ്ടും വിദ്യാർഥി സ്കോളർഷിപ്പുകളും ദുരുപയോഗം ചെയ്യപ്പെടുന്നെന്നും കെട്ടിട നിർമാണത്തിന് ചട്ടം ലംഘിച്ച് അനുമതി നൽകുന്നെന്നും ആരോപണം
താത്കാലിക നിയമനങ്ങൾ പാർട്ടി പ്രവർത്തകർക്കും നേതാക്കളുടെ ബന്ധുക്കൾക്കും മാത്രമാണ് നൽകുന്നതെന്നാണ് ഹർജിയിലെ ആരോപണം. താത്കാലിക നിയമനം നടത്താൻ പാർട്ടിക്കാരുടെ പട്ടിക തേടി കോർപറേഷൻ മേയർ തന്നെ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ സംഭവമുണ്ടായി. പട്ടിക വിഭാഗം ഫണ്ടും വിദ്യാർഥി സ്കോളർഷിപ്പുകളും ദുരുപയോഗം ചെയ്യപ്പെടുന്നെന്നും കെട്ടിട നിർമാണത്തിന് ചട്ടം ലംഘിച്ച് അനുമതി നൽകുന്നെന്നും ഹർജിയില്‍ പറയുന്നു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം
കേസുകളിലൊന്നും അന്വേഷണ പുരോഗതിയില്ല. ഒൻപത് വർഷം മുൻപ് വിരമിച്ചയാളെ എംഎൽഎയുടെ ബന്ധുവായതിനാൽ കോർപറേഷനിൽ ജോലി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. സസ്പെൻഡ് ചെയ്തവർ തിരികെ ജോലിയിൽ പ്രവേശിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍. അതിനാൽ സത്യം കണ്ടെത്തുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.