'ക്യാംപസിലെ സ്നേഹ പ്രകടനം പഠനത്തെ ബാധിക്കും'; വിലക്കി കോഴിക്കോട് എൻഐടി; പ്രതിഷേധവുമായി വിദ്യാർഥികൾ
ക്യാംപസിൽ സ്നേഹ പ്രകടനങ്ങൾ വിലക്കി കോഴിക്കോട് എൻഐടിയിൽ വിചിത്ര സർക്കുലർ. വിദ്യാർഥികൾ ക്യാമ്പസിലും പരിസരങ്ങളിലും പരസ്യമായി സ്നേഹ പ്രകടനങ്ങളിൽ ഏർപ്പെടുന്നത്, ക്യാമ്പസിലെത്തുന്നവർക്കും ഇതര വിദ്യാർഥികൾക്കും അധ്യാപകർക്കും അലോസരമുണ്ടാക്കുന്നുണ്ടെന്നുമാണ് സർക്കുലർ പറയുന്നത്. ഫെബ്രുവരി ആറിനാണ് വിദ്യാർഥി ക്ഷേമകാര്യ ഡീൻ ഡോ. രജനികാന്ത് ജി കെ, വിദ്യാർഥികൾക്ക് സർക്കുലർ അയച്ചത്.
പഠനത്തിനും അക്കാദമിക് മികവിനുള്ള കേന്ദ്രമാണ് ക്യാംപസെന്നും പരസ്യ സ്നേഹ പ്രകടനങ്ങൾ നടത്തുന്നുന്നതിനുള്ള ഇടമല്ലെന്നും സർക്കുലറിൽ പറയുന്നു. ക്ലാസ് മുറികളിലോ, വിശ്രമ കേന്ദ്രങ്ങളിലോ പുറത്തോ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ക്യാംപസിന്‍റെ നയത്തിന് എതിരാണെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട്. നിർദേശങ്ങൾ ലംഘിച്ചാൽ കർശന അച്ചടക്ക നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്.
സ്നേഹ പ്രകടനങ്ങൾ പഠനത്തെ ബാധിക്കുമെന്നും മറ്റുള്ളവർക്ക് അലോസരവും മോശംധാരണയും സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുമെന്നും വിദ്യാർഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഉൾപ്പെടെ ഹനിക്കുന്നതാണെന്നുമാണ് സർക്കുലറിലുള്ളത്. വിദ്യാർഥികൾക്ക് സദാചാര ക്ലാസ് നൽകുന്ന തരത്തിലുള്ള സർക്കുലറിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. മൗലികാവകാശ ലംഘനമാണ് സർക്കുലറെന്നാണ് വിദ്യാർഥികൾ പറയുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ ഇത്തരം നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് ചൂണ്ടികാട്ടി ഇതിനകം നിരവധി വിദ്യാർഥികൾ സർക്കുലറിന് മറുപടി നൽകി. വിവിധ വിദ്യാർഥി സംഘടനകളും സർക്കുലറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.