സാധാരണക്കാരന്റെ വാഹനങ്ങള്‍ക്ക് പിഴയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇളവും
കേരളത്തില്‍ സാധാരണ ജനങ്ങളുടെ വാഹനങ്ങള്‍ക്കും മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖരുടെ വാഹനങ്ങള്‍ക്കും രണ്ട് നിയമമോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മോട്ടോര്‍ വാഹനവകുപ്പിന് ടാര്‍ഗെറ്റ് നിശ്ചയിക്കുന്നതും, അത് തികയ്ക്കാനായി അനാവശ്യമായി പിഴയീടാക്കുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാധാരണക്കാരുടെ വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ പിടികൂടാനായി വലിയ ഉത്സാഹം കാട്ടുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുന്ന രീതിക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
എഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോഴും പ്രമുഖരുടെ വാഹനങ്ങളെ ഒഴിവാക്കിയ നടപടിക്കെതിരെയും കനത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വിന്‍ഡോ കര്‍ട്ടന്‍, ശബ്ദപരിധി ലംഘിക്കുന്ന ഹോണുകള്‍, ഗ്രില്ലുകളില്‍ ഘടിപ്പിക്കുന്ന ലൈറ്റ് എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ വാഹനങ്ങളിൽ നിയമം ലംഘിച്ചുള്ള ഫിറ്റിങ്ങുകളുടെ പട്ടിക.
സാധാരണക്കാര്‍ക്ക് ആവശ്യമായ ഫിറ്റിങ്ങുകള്‍ പോലും വാഹനങ്ങളില്‍ ഘടിപ്പിക്കാനാകാത്ത വിധം നിയമം കര്‍ശനമാണ് കേരളത്തില്‍. ഫോഗ് ലാമ്പുകള്‍, സ്‌നോര്‍ക്കലുകള്‍ എന്നിങ്ങനെ മറ്റുള്ളയാത്രക്കാരെ ശല്യപ്പെടുത്താത്ത വിധത്തിലുള്ള പരിഷ്‌കാരങ്ങളും കേരളത്തില്‍ അനുവദനീയമല്ല.എന്നാല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കിയതോടെ വാഹനത്തിന്റെ മുന്‍ ഗ്രില്ലില്‍ ഫ്‌ളാഷ് എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലൂടെ ചീറിപ്പായുകയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍.
അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് കേരളത്തിലുടനീളം പരിശോധകള്‍ നടത്തുകയും സാധാരണക്കാരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തില്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇത്തരത്തില്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ മറ്റ് വാഹനയാത്രക്കാര്‍ക്ക് ശല്യമാകുന്ന തരത്തില്‍ നീലയും ചുവപ്പും നിറങ്ങളിലുള്ള എല്‍ഇഡി ലൈറ്റുകളാണ് വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് കേരളത്തിലുടനീളം പരിശോധകള്‍ നടത്തുകയും സാധാരണക്കാരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു.
മന്ത്രി വീണാ ജോര്‍ജ് ,റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു എന്നീ മന്ത്രിമാരും ഇത്തരത്തില്‍ ഗ്രില്ലില്‍ എല്‍ഇഡി ഘടിപ്പിച്ചു പായുന്നവരാണ്. എല്‍ഇഡി ഫ്‌ളെക്‌സിബിള്‍ സ്ട്രിപ് ലൈറ്റുകള്‍, എല്‍ഇഡി ബാര്‍ ലൈറ്റുകള്‍ എന്നിവ വാഹനത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് പച്ചയായ നിയമലംഘനം.
125ഡെസിബലിനും മുകളിൽ ശബ്ദമുള്ള ഹോണുകളാണ് സര്‍ക്കാര്‍ വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നത്
ലൈറ്റുകള്‍ മാത്രമല്ല കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണുകളും ഒട്ടുമിക്ക സര്‍ക്കാര്‍ വാഹനങ്ങളിലെയും പതിവ് കാഴ്ചയാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം 93 മുതല്‍ 112ഡെസിബല്‍ വരെയാണ് ഹോണുകളുടെ ശബ്ദപരിധി. എന്നാല്‍ വാഹനത്തിനൊപ്പം ലഭിക്കുന്ന ഹോണുകള്‍ അഴിച്ചുമാറ്റി 125ഡെസിബലിനും മുകളിലില്‍ ശബ്ദമുള്ള ഹോണുകളാണ് സര്‍ക്കാര്‍ വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നത്. റൂട്ട്‌സ് കമ്പനിയുടെ മെഗാസോണിക് ഉള്‍പ്പെടെയുള്ള ഹോണുകള്‍ മുഴക്കിയാണ് അധികാരികളുടെ മൂക്കിന്‍ തുമ്പിലൂടെ സര്‍ക്കാര്‍ വാഹനങ്ങള്‍ പായുന്നത്.
വാഹനത്തിനകത്തെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഗ്ലാസുകളില്‍ ഒന്നും പതിപ്പിക്കരുത് എന്നാണ് നിയമം. എന്നാല്‍ വിന്‍ഡോ ഗ്ലാസുകളില്‍ കര്‍ട്ടനുകള്‍ ഇട്ട് അകത്തെ കാഴ്ച മറച്ച് ഓടുന്ന സര്‍ക്കാര്‍ വാഹനങ്ങളും പതിവ് കാഴ്ചയാണ്. സണ്‍ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ 'ഓപ്പറേഷന്‍ സ്‌ക്രീന്‍' നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് സാധാരണക്കാരെ നിയമം പാലിക്കാന്‍ പഠിപ്പിച്ചു.പക്ഷേ കർട്ടനിട്ട ഉന്നതരുടെ വാഹനങ്ങൾ ഓപ്പറേഷൻ സ്ക്രീനിനുമുന്നിലൂടെ ചീറിപാഞ്ഞു. നിയമങ്ങൾ ലംഘിച്ചുള്ള മന്ത്രിമാരുടെയും സര്‍ക്കാര്‍ വാഹനങ്ങളുടെയും പാച്ചിൽ അനുസ്യൂതം നമ്മുടെ നിരത്തുകളിൽ തുടരുകയാണ്.