പരാജയപ്പെട്ട ദാമ്പത്യബന്ധങ്ങൾ പരസ്പര സമ്മതത്തോടെ വേർപെടുത്താൻ അനുവദിക്കാത്തത് ക്രൂരതയെന്ന് ഹൈക്കോടതി
പരാജയപ്പെട്ട ദാമ്പത്യബന്ധങ്ങൾ പരസ്പര സമ്മതത്തോടെ വേർപെടുത്താൻ അനുവദിക്കാത്തത് ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനം നിരസിച്ച കുടുംബകോടതി ഉത്തരവിനെതിരെ സമർപിച്ച ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
യോജിക്കാനാവാത്ത അവസ്ഥയിൽ പരസ്പര സമ്മതത്തോടെ വ്യവസ്ഥകൾ പ്രകാരം വേർപിരിയുകയെന്നുള്ളത് വിവേകപൂർണമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു. 2002 ൽ വിവാഹിതരായ ദമ്പതികൾ 2011-ൽ വിവാഹമോചന ഹർജി കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവർ തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഭാര്യക്ക് 10 ലക്ഷം രൂപയും പത്ത് സെന്റ് സ്ഥലവും ഭർത്താവ് വാഗ്ദാനം ചെയ്താണ് വിവാഹമോചന ഹർജി നൽകിയത്.
പിന്നീട് പത്ത് വർഷത്തിലേറെ കോടതി കയറിയിറങ്ങി. എന്നാൽ കേസ് തീർപ്പാക്കിയില്ല. പണം കിട്ടാൻ വേണ്ടി മാത്രമാണ് തന്നെ വിവാഹം ചെയ്തതെന്നും ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഭർത്താവ് ആരോപിച്ചെങ്കിലും ഈ ആരോപണങ്ങളെല്ലാം ഭാര്യ നിഷേധിച്ചു. തുടർന്ന് കേസ് അനന്തമായി നീണ്ടു.
ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വിവാഹമോചനം അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു. കേസിലെ കക്ഷികൾ തമ്മിലുള്ള നിയമ പോരാട്ടം ന്യായമായ കാരണങ്ങളാൽ അല്ലെന്നും പരസ്പരം പ്രതികാരം ചെയ്യാനും വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു.
സമർ ഘോഷ് വേഴ്സസ് ജയഘോഷ് (2007) കേസിലെ സുപ്രീം കോടതി വിധിയിൽ ദാമ്പത്യബന്ധം നിലനിർത്താൻ കഴിയാത്തതാണെന്ന് തിരിച്ചറിഞ്ഞതിനുശേഷവും വിവാഹബന്ധം നിലനിർത്തുന്നത് പങ്കാളിയിലൊരാൾക്ക് മാനസിക പീഡനമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി ഡീവിഷൻ ബഞ്ച് വ്യക്തമാക്കി. തുടർന്ന് വിവാഹമോചനം അനുവദിക്കുകയും ഭർത്താവിന് നൽകാമെന്ന് പറഞ്ഞ പണം കൈപറ്റാൻ ഭാര്യയോട് നിർദേശിക്കുകയും ചെയ്തു.