വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി
കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മുന്നിൽ ഹാജരാക്കി. ദത്ത് നിയമപരമല്ലാത്തതിനാലാണ് കുട്ടിയെ എത്രയും വേഗം ഹാജരാക്കണമെന്ന് സിഡബ്ല്യുസി ആവശ്യപ്പെട്ടത്. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയെ സിഡബ്ല്യുസിയ്ക്ക് കൈമാറിയത്.
സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27 നാണ് കുട്ടി ജനിച്ചത്. ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾക്കൊപ്പം കുട്ടിയുടെ യഥാർത്ഥ അച്ഛനമ്മമാർ നൽകിയ മേൽവിലാസം തെറ്റാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കേസിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ മുനിസിപ്പാലിറ്റി ഓഫീസിലെ കിയോസ്ക് എക്സിക്യൂട്ടീവ് ഓഫീസർ രഹ്നയ്ക്കെതിരെ കളമശേരി പോലീസ് കേസെടുത്തു. വഞ്ചനയ്ക്കും വ്യാജ രേഖ ചമച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രഹ്ന നൽകിയ പരാതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാറാണ് പ്രതി.
തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിത എ എസും ചേർന്നാണ് കുഞ്ഞിന് വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി കളമശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെ സമീപിച്ചത്. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ കിയോസ്ക് എക്സിക്യൂട്ടീവ് ഓഫീസർ രഹ്ന എ എൻ നൽകിയ പരാതിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുറം ലോകം അറിയുന്നത്.
ജനുവരി 31ന് അനൂപ് കുമാർ-സുനിത ദമ്പതികള്‍ക്ക് പെൺകുഞ്ഞ് ജനിച്ചെന്ന് കാണിച്ച് ഫെബ്രുവരി ഒന്നിനാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ജനന റിപ്പോർട്ടില്‍ ഐപി നമ്പർ 137 എ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇരട്ടക്കുട്ടികള്‍ ജനിക്കുമ്പോഴാണ് എ, ബി എന്ന് രേഖപ്പെടുത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് രഹ്ന പരാതി നല്‍കിയത്.
കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ, കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.