അശോകന്‍
അശോകന്‍

പ്രശസ്ത സംവിധായകന്‍ അശോകന്‍ അന്തരിച്ചു

സുരേഷ് ഗോപിയും ജയറാമും കേന്ദ്ര കഥാപാത്രങ്ങളായ 'വര്‍ണം' തിലകന്‍, മുകേഷ്, ജഗതി, സിദ്ധിഖ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ 'മൂക്കില്ലാ രാജ്യത്ത്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
Updated on
1 min read

പ്രശസ്ത സിനിമ സംവിധായകനും, ഐടി വ്യവസായ സംരംഭകനുമായ ആര്‍. അശോക് കുമാര്‍ എന്ന അശോകന്‍ അന്തരിച്ചു. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. സിംഗപ്പൂരില്‍ താമസമാക്കിയ അശോകന്‍ വര്‍ക്കല സ്വദേശിയാണ്. രോഗബാധയെത്തുടര്‍ന്ന്‌ സിംഗപ്പൂരില്‍ നിന്നെത്തി കേരളത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1980 കളുടെ അവസാനമാണ് അശോകന്‍ എന്ന പേരില്‍ അദ്ദേഹം ചലചിത്ര സംവിധാന രംഗത്തേക്ക് തിരിയുന്നത്. 1989-ല്‍ സുരേഷ് ഗോപിയും ജയറാമും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'വര്‍ണം' ആണ് ആദ്യ ചിത്രം. പിന്നീട് സുരേഷ് ഗോപി നായകനായ സാന്ദ്രം, തിലകന്‍, മുകേഷ്, ജഗതി, സിദ്ധിഖ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സൂപ്പര്‍ ഹിറ്റ് ചിത്രം മൂക്കില്ലാ രാജ്യത്ത്, സുരേഷ് ഗോപി നായകനായ ആചാര്യന്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

പ്രശസ്ത സംവിധായകന്‍ ജെ. ശശികുമാറിന്റെ അസിസ്റ്റന്റായാണ് സിനിമിലേക്ക് എത്തുന്നത്. ശശികുമാറിനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് അശോകന്‍-താഹ കൂട്ടുകെട്ടില്‍ പിറന്ന മൂക്കില്ലാരാജ്യത്ത് എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനിടെയാണ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ചെന്നൈയിലേക്ക് താമസം മാറ്റി. എന്നാല്‍ വിവാഹത്തിനുശേഷം ബിസിനസിലേക്കു ശ്രദ്ധ തിരിച്ച അശോകന്‍ ബന്ധുക്കള്‍ക്കൊപ്പം സിംഗപ്പൂരിലേക്ക് ചേക്കേറുകയായിരുന്നു.

അതിനിടെ കൈരളി ടിവിയുടെ തുടക്കത്തില്‍ കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വര്‍ഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഗള്‍ഫിലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഒബ്രോണ്‍ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സീതയാണ് ഭാര്യ. ഗവേഷണ വിദ്യാര്‍ത്ഥിയായ അഭിരാമിയാണ് മകള്‍.

logo
The Fourth
www.thefourthnews.in