മാപ്പിളപ്പാട്ടുകാരി റംലാ ബീഗം അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്ന് സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലിം വനിതയാണ് റംലാ ബീഗം. 1946 നവംബര്‍ മൂന്നിന് ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായാണ് റംല ജനിച്ചത്.
ഏഴുവയസ്സുമുതൽ ആലപ്പുഴ ആസാദ് മ്യൂസിക് ക്ലബ്ബിലെ പ്രധാന ഗായികയായിരുന്നു. ട്രൂപ്പിനു വേണ്ടി ഹിന്ദി ഗാനങ്ങള്‍ പാടിയാണ് കലാജീവിതത്തിനു തുടക്കം കുറിച്ചത്. 18-ാം വയസില്‍ ട്രൂപ്പിലെ തന്നെ മറ്റൊരംഗമായ പി. അബ്ദുള്‍ സലാമിനെ വിവാഹം കഴിച്ച റംല പിന്നീട് കഥാ പ്രസംഗങ്ങളിലൂടെയും വേദി കീഴടക്കി. എംഎ റസാഖ് രചിച്ച 'ജമീല' എന്ന കഥയാണ് റംല ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചത്. അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ പ്രണയകാവ്യമായ ഹുസ്‌നുല്‍ ജമാല്‍ ബദ്‌റുല്‍ മുനീറിനെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കഥാപ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ശാകുന്തളം, നളിനി, ഓടയില്‍ നിന്ന് എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. പതിനായിരത്തില്‍പ്പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചെന്ന റെക്കോഡും സ്വന്തമാക്കി.
ഭര്‍ത്താവ് സലാമിന്റെ വിയോഗത്തിനുശേഷം റംല ബീഗം കഥാപ്രസംഗവേദികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് വീണ്ടും കലാലോകത്തേക്ക് തിരിച്ചെത്തിയ റംല കെജെ യേശുദാസ്, വിഎം കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ്സ, അസ്സീസ് തായിനേരി, വടകര കൃഷ്ണദാസ്, എം കുഞ്ഞിമൂസ എന്നിവരുടെ ട്രുപ്പുകളിലും പാടി.
കേരള സംഗീത നാടക അക്കാദമി, ഫോക്‌ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെഎംസിസി അവര്‍ഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ റംല ബീഗത്തെ തേടിയെത്തിയിട്ടുണ്ട്. മാപ്പിളകലാ സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരവും ലഭിച്ചു.