ബസ് ജീവനക്കാര്‍ മകനെ കുത്തി പരുക്കേൽപ്പിച്ചു; കണ്ടുനിന്ന പിതാവ് കുഴഞ്ഞു വീണ് മരിച്ചു, ബസ് ഡ്രൈവർ അറസ്റ്റിൽ
എറണാകുളം പറവൂരില്‍ ബസ് ജീവനക്കാര്‍ മകനെ മര്‍ദിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദീനാണ് മരിച്ചത്. ഫസലുദീന്റെ മകന്‍ ഫർഹാനാണ് പരുക്കേറ്റത്. വ്യാഴാഴ്ച്ച രാത്രി പറവൂർ കണ്ണൻകുളങ്ങരയിലാണ് സംഭവം. സംഭവത്തില്‍ ബസ് ഡ്രൈവർ ചെറായി സ്വദേശി ടിന്റുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വൈറ്റിലയില്‍ നിന്ന് ബസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് വൈറ്റില റൂട്ടില്‍ ഓടുന്ന നര്‍മദ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അക്രമം നടത്തിയത്. ഫസലുദീനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ബസിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അമിതവേഗതയില്‍ വന്ന ബസ് ഫസലുദീനും കുടുംബവും സഞ്ചരിച്ച കാറിനെ മറികടക്കുമ്പോള്‍ കാറിന്റെ സൈഡ്ഗ്ലാസില്‍ തട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഫര്‍ഹാനെ ബസ് ജീവനക്കാര്‍ അസഭ്യം പറയുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.
തര്‍ക്കത്തിനിടയില്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ബസ് ഡ്രൈവർ ഫര്‍ഹാനെ കുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ഫര്‍ഹാന്റെ കൈയില്‍ കുത്തേറ്റു. മകനെ കുത്തുന്നത് കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദീന്‍ കുഴഞ്ഞു വീണത്. ഉടനെ തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബസ് ഡ്രൈവര്‍ ടിന്റുവിനെതിരെ നിലവില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് വടക്കന്‍ പറവൂര്‍ പോലീസ് വ്യക്തമാക്കി. അതേസമയം, കൊച്ചിയില്‍ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പരാതി ഉയര്‍ന്ന് തുടങ്ങിയിട്ട് ഒരുപാട് നാളായി. കോടതി വിധികള്‍ ഒന്നും നടപ്പിലാക്കാതെയാണ് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം തുടരുന്നത്.