തലസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ജാഗ്രത, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു
തലസ്ഥാന ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് കോളറ സ്ഥിരീകരിക്കുന്നതിനിടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളും വ്യാപിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. സംസ്ഥാനത്താകെ 13,305 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. 164 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 470 പേര്‍ ഡെങ്കിപ്പനി സംശയിച്ച് 470 പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
എലിപ്പനി ബാധിതരായി 10 പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എലിപ്പനി സംശയിച്ച് 20 പേരാണ് ചികിത്സയിലുള്ളത്. മഞ്ഞപ്പിത്ത ബാധയും സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേര്‍ക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചത്. ആറ് പേര്‍ക്ക് മലേറിയ ബാധയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് രണ്ടു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നെയ്യാറ്റിന്‍ കരയിലെ സ്വകാര്യ ഭിന്നശേഷി സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിക്കൾക്കാണ് കോളറ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലിരുന്നവരില്‍ രണ്ടു പേർക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധന ഫലത്തിലാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ച ആളുകളുടെ എണ്ണം മൂന്നായി.
അതിനിടെ, തൃശ്ശൂരിലും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കുട്ടിയ്ക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്‌ക ജ്വരമല്ല തൃശൂരിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ആശങ്ക വിതച്ച് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച അമിബിക്ക് ജ്വരം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. മലബാറിലാണ് മൂന്ന് മരണവും. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിസ്തയിലിരിക്കെ ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരനാണ് ഈ പട്ടികയിലെ ഒടുവിലെ വ്യക്തി. കണ്ണൂരില്‍ നിന്നുള്ള 13 കാരി ദക്ഷ, മലപ്പുറം മുന്നിയൂരില്‍ നിന്നുള്ള അഞ്ച് വയസുകാരി, ഫറോക്ക് സ്വദേശിയായ 12 വയസുകാരന്‍ മൃദുല്‍ എന്നിവരാണ് കഴിഞ്ഞ ആറു മാസത്തിനിടെ മരിച്ച മറ്റ് രണ്ട് പേര്‍.