സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനു കാരണം ജനസംഖ്യാ നിയന്ത്രണമെന്ന് മുഖ്യമന്ത്രി

സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനു കാരണം ജനസംഖ്യാ നിയന്ത്രണമെന്ന് മുഖ്യമന്ത്രി

കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടത്തിയ സമരത്തിലും മുഖ്യമന്ത്രി ഈ നിലപാട് പറഞ്ഞിരുന്നു
Updated on
1 min read

െകേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാനിയന്ത്രണത്തിന്റെ നേട്ടം സംസ്ഥാനത്തിന് ശിക്ഷയായി അനുഭവിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടത്തിയ സമരത്തിലും മുഖ്യമന്ത്രി ഈ നിലപാട് പറഞ്ഞിരുന്നു.

ചില മാധ്യമങ്ങള്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവു വരുന്നു എന്നത് വലിയ വാര്‍ത്തയായി കൊടുത്തു. കുട്ടികളുടെ എണ്ണത്തില്‍ കുറവ് എന്നു പറയുമ്പോള്‍, സ്വാഭാവികമായും നമ്മുടെ നാട്ടില്‍ ജനസംഖ്യയില്‍ തന്നെ വലിയ കുറവു വരുന്നുണ്ട്. ജനസംഖ്യ നിയന്ത്രണത്തിന്റെ നല്ലതോതിലുള്ള നടപ്പാക്കല്‍ ഉണ്ടായ ഇടമാണ് കേരളം. ഇപ്പോള്‍ അതൊരു ശിക്ഷയായി നമ്മുടെ നാടിന് ഏറ്റുവാങ്ങേണ്ടിവരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായുള്ള നേട്ടം ശിക്ഷയാക്കി മാറ്റരുതെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യ കുറയുമ്പോള്‍ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലും പൊതുവേ കുറവുവരും. നേരത്തെയുണ്ടായിരുന്നത്ര കുട്ടികള്‍ ഉണ്ടാകുന്നില്ലെന്നത് സ്വാഭാവികമായി വരുന്ന കാര്യമാണ്. അത് പറയാതെ, മറ്റൊരു ചിത്രം നാടിന് മുന്നില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മികവാര്‍ന്ന പൊതുവിദ്യാഭ്യാസമാണ് കേരളത്തില്‍ നടപ്പിലാക്കിവരുന്നത്. ഇനിയും കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുക എന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ കാര്യങ്ങളില്‍ വലിയ തോതിലുള്ള ഉത്കണ്ഠയാണ് ജനങ്ങളിലുള്ളത്. രാജ്യത്തെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമം നടക്കുന്നു. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ അറിയാതിരിക്കാന്‍ രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് തന്നെ നിര്‍ബന്ധമുണ്ട്. രാജ്യത്തിന്റെ ചരിത്രം ചരിത്രമായി തന്നെ പഠിപ്പിക്കണം.

സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനു കാരണം ജനസംഖ്യാ നിയന്ത്രണമെന്ന് മുഖ്യമന്ത്രി
വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം; പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി സ്വീകരിച്ചു

സ്വാതന്ത്ര്യ സമരത്തില്‍ ബോധപൂര്‍വം അണിനിരക്കാത്ത സംഘപരിവാര്‍ ശക്തികള്‍ ആ കാലം മുതല്‍തന്നെ രാജ്യത്തിന് എതിരാണ്. അവരാണ് ഇന്ന് നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍. അതൊരു നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. സ്വതന്ത്ര്യസമരത്തില്‍ ഒരു പങ്കും പറയാന്‍ കഴിയാത്തവര്‍ അതിനെക്കുറിച്ച് പൂര്‍ണമായും നിശബ്ദത പാലിക്കുകയാണ്. അപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത് ശരിയായ ചരിത്രം കുട്ടികള്‍ അറിയരുതെന്നാണ്. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം ബോധപൂര്‍വം നടക്കുകയാണ്. ഗാന്ധിവധത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് കുട്ടികള്‍ അറിയരുതെന്ന് സംഘപരിവാറിന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന് എതിരെ ഡല്‍ഹിയില്‍ പോയി സമരം നടത്തിയത് ആരേയും തോല്‍പ്പിക്കാനല്ല. കേരളം അവഗണിക്കപ്പെടുകയാണെന്ന് രാജ്യത്തിന് മുന്നില്‍ വ്യക്തമാക്കാന്‍ വേണ്ടിയാണ് സമരം നടത്തിയത്. കേരളത്തിന്റെ പ്രക്ഷോഭം രാജ്യം ഏറ്റെടുത്തു. ബിജെപിക്ക് നീരസമുണ്ടാക്കുന്നത് ചെയ്യാതിരിക്കലാണ് കേരളത്തിന്റെ കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു.

logo
The Fourth
www.thefourthnews.in