തരൂരിന് അവസരം നല്‍കാത്തതിനെ ചൊല്ലി തർക്കം; തിരുവനന്തപുരം ഡിസിസി ഓഫീസില്‍ കയ്യാങ്കളി
തിരുവനന്തപുരം ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും ശശി തരൂരിന്റെ സ്റ്റാഫും തമ്മിലാണ് അടിപിടി നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ഡിസിസി ഓഫീസില്‍ നിയോജകമണ്ഡലം യോഗം നടക്കുന്നതിനിടയിലാണ് പ്രശ്‌നം ഉണ്ടായത്. തരൂരിന്റെ പി എ അടക്കമുള്ളവര്‍ തന്നെ കൈയ്യേറ്റം ചെയ്‌തെന്ന് തമ്പാനൂര്‍ സതീഷ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമാണ് സംഭവമുണ്ടായത്. തരൂരിന് അവസരം നല്‍കാത്തതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ആദ്യം തമ്പാനൂര്‍ സതീഷാണ് പ്രശ്‌നത്തിന് തുടക്കമിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് തരൂര്‍. തിരുവനന്തപുരത്തെ കോണ്‍ഗ്രസിനുള്ളിലെ ഉള്‍പ്പോരുകളാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമാകുന്നത്. ഇതിനു മുന്‍പും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനും പോലീസിനും പരാതി നല്‍കുമെന്ന് തമ്പാനൂര്‍ സതീഷ് പറഞ്ഞു.