ഒടുവില്‍ ഒത്തുതീര്‍പ്പ്: സമസ്ത - സിഐസി തർക്കത്തിന് പരിഹാരമായെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

ഒടുവില്‍ ഒത്തുതീര്‍പ്പ്: സമസ്ത - സിഐസി തർക്കത്തിന് പരിഹാരമായെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും സെനറ്റ് യോഗത്തില്‍ പങ്കെടുത്തു
Updated on
1 min read

സമസ്ത-സിഐസി തർക്കത്തിന് പരിഹാരമായെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് നേതൃത്വം മുന്‍കൈയെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച ചേര്‍ന്ന സിഐസി സെനറ്റ് യോഗം അംഗീകരിച്ചെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

സെനറ്റ് മുന്നോട്ടുവച്ച നിർദേശങ്ങൾ സമസ്ത ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും സെനറ്റ് യോഗത്തില്‍ പങ്കെടുത്തു.

ജൂൺ ഒന്നിന് കോഴിക്കോട് വച്ച് പ്രശ്നപരിഹാരത്തിനായി സാദിഖലി തങ്ങളും കു‍ഞ്ഞാലിക്കുട്ടിയും സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തിലെ നിര്‍ദേശങ്ങള്‍ സെനറ്റ് യോഗത്തിൽ അവതരിപ്പിച്ചെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. നിർദേശങ്ങൾ സെനറ്റ് അംഗീകരിച്ചു. സിഐസി പ്രവർത്തക സമിതിയിൽ നിന്ന് 119 പേർ രാജിവച്ച തീരുമാനം സെനറ്റ് റദ്ദാക്കി. ഹബീബുള്ള ഫൈസിയെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്‍റെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി സെനറ്റ് പാസാക്കി. കൂടാതെ ഹക്കീം ഫൈസിയുടെ രാജി സെനറ്റ് അംഗീകരിക്കുകയും ചെയ്തു.

സെനറ്റിലെ തീരുമാനങ്ങളും സിഐസിയുടെ ആവശ്യങ്ങളും നാളെ ചേരുന്ന സമസ്ത മുശാവറ ചര്‍ച്ച ചെയ്യും

എന്നാല്‍ സിഐസിക്കും ഹക്കീം ഫൈസി അദ്യശേരിക്കുമെതിരെ സമസ്ത ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തള്ളുന്ന മൂന്ന് പ്രമേയങ്ങള്‍ സെനറ്റ് യോഗത്തിൽ പാസാക്കി. ഹകീം ഫൈസി അദൃശേരിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നിരാകരിക്കുകയാണെന്ന് സെനറ്റ് യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. വാഫി- വഫിയ്യ കോഴ്‌സുകൾ തടസപ്പെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല. കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. വാഫി-വഫിയ്യ കോഴ്‌സുകൾ തടസപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ പിന്‍വാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. വാഫി - വാഫിയ്യ സിലബസുമായി ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.

സിലബസുകളിൽ സുന്നി വിരുദ്ധ ആശയങ്ങൾ ഉണ്ടെന്ന ആരോപണം അപലനീയമാണെന്നും പ്രമേയത്തില്‍ പറയുന്നു. ഇതെല്ലാം പിൻവലിക്കണമെന്നാണ് സിഐസി സെനറ്റിന്‍റെ ആവശ്യം. സെനറ്റിലെ തീരുമാനങ്ങളും സിഐസിയുടെ ആവശ്യങ്ങളും നാളെ ചേരുന്ന സമസ്ത മുശാവറ ചര്‍ച്ച ചെയ്യും.

logo
The Fourth
www.thefourthnews.in