എന്‍ എസ് മാധവന്‍ നിയമപരമായി നേരിട്ടാല്‍ ഒപ്പം നില്‍ക്കാതെ വഴിയില്ലെന്ന് ഫിലിം ചേംബര്‍

എന്‍ എസ് മാധവന്‍ നിയമപരമായി നേരിട്ടാല്‍ ഒപ്പം നില്‍ക്കാതെ വഴിയില്ലെന്ന് ഫിലിം ചേംബര്‍

കഥയുടെ ഉള്ളടക്കം വരെ സമാനമെന്നാണ് എന്‍ എസ് മാധവന്‍ ചേംബറിന് നല്‍കിയ കത്ത്
Updated on
1 min read

ഹിഗ്വിറ്റ വിവാദങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ ഫിലിം ചേംബറിന്റെ ഇടപെടല്‍. പേരില്‍ മാത്രമല്ല സിനിമയുടെ കഥയ്ക്കും, ചെറുകഥയോട് സാമ്യമുള്ളതായി എന്‍ എസ് മാധവന്‍ അയച്ച കത്തില്‍ പറയുന്നതായി ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റും നിര്‍മ്മാതാവും സംവിധായകനുമായ അനില്‍ തോമസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. 2019 ലാണ് ഹിഗ്വിറ്റ എന്ന സിനിമ ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വര്‍ഷാവര്‍ഷം ടൈറ്റില്‍ പുതുക്കല്‍ നടന്നിട്ടില്ല. ഇപ്പോള്‍ ടൈറ്റില്‍ പുതുക്കാന്‍ വന്നപ്പോഴാണ് അതിനെതിരെ വാദവുമായി എന്‍ എസ് മാധവന്‍ വന്നതെന്ന് അനില്‍ തോമസ് പറഞ്ഞു. എന്‍ എസ് മാധവന്‍ നിയമപരമായി നേരിട്ടാല്‍ ഒപ്പം നില്‍ക്കാതെ വഴിയില്ലെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയത്. കഥയുടെ ഉള്ളടക്കം വരെ സമാനമെന്നാണ് മാധവന്റെ കത്തിലുള്ളത്.

ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് നല്‍കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കി. എന്‍എസ് മാധവന്റെ അനുമതി വാങ്ങിയതിന് ശേഷമേ ചിത്രത്തിന് ആ പേര് ഉപയോഗിക്കാനാവൂ എന്നും വ്യക്തമാക്കി. എന്‍ എസ് മാധവന്റെ കത്തിന് പിന്നാലെയാണ് വിഷയത്തില്‍ ഫിലം ചേംബര്‍ ഇടപെട്ടത്.

ചേംബറിന്റെ ഇടപെടലിന് പിന്നാലെ എന്‍ എസ് മാധവന്‍ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി ഇടപെട്ട, എല്ലാ പിന്തുണയും നല്‍കിയ കേരള ഫിലിം ചേംബറിനോട് നന്ദി അറിയിക്കുകയാണ്. യുവസംവിധായകന്‍ ഹേമന്ത് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സുരാജ്-ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തട്ടെ എന്നായിരുന്നു ട്വീറ്റ്.

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നവംബര്‍ 28നാണ് പുറത്തുവിട്ടത്. ശശി തരൂര്‍ എംപിയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫുട്‌ബോളും രാഷ്ട്രീയവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് ഹേമന്ത് ജി നായരാണ്.

logo
The Fourth
www.thefourthnews.in