കെഎൻ ബാലഗോപാൽ
കെഎൻ ബാലഗോപാൽ

ജിഎസ്ടി അനുപാതം ഉയർത്തണം, സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തരുത്; കേന്ദ്രത്തോട് കേരളം

കേന്ദ്ര-സംസ്ഥാന ജിഎസ്ടി അനുപാതം ഉയർത്തണമെന്നും ആവശ്യം
Updated on
1 min read

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കരുതെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് സംസ്ഥാന ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ കത്ത് നല്‍കി. ന്യൂഡൽഹിയിൽ നടന്ന 49-ാം ജിഎസ്ടി കൗൺസിൽ യോഗത്തിനിടെയായിരുന്നു കേരളം ആവശ്യം അറിയിച്ചത്. ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതിദായകരുടെ ദീർഘകാല ആവശ്യമായിരുന്ന ജിഎസ്ടി ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകള്‍ നടന്നതായും ധനമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

നികുതിദായകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി ട്രൈബ്യൂണൽ എത്രയും വേഗം ആരംഭിക്കണം എന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകിയത്. കേന്ദ്ര-സംസ്ഥാന ജിഎസ്ടി അനുപാതം സംസ്ഥാനങ്ങൾക്ക് നേട്ടമാവുന്ന വിധത്തിൽ ഉയർത്തണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കേരളം നേതൃത്വം നൽകിയ സ്വർണ മേഖലയിലെ ഈ വെ ബില്‍ നടപ്പിലാക്കണമെന്നും ആവശ്യമുണ്ട്.

ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കും വിധവും സംസ്ഥാന താൽപ്പര്യം സംരക്ഷിക്കും വിധവുമായിരിക്കണം ട്രൈബ്യൂണൽ രൂപീകരിക്കേണ്ടത് എന്നും കേരളം ജിഎസ്ടി കൗൺസിലില്‍ അഭിപ്രായപ്പെട്ടു. ഓരോ സംസ്ഥാനത്തെയും ട്രൈബ്യൂണൽ ബെഞ്ചുകളുടെ എണ്ണം, ബെഞ്ചിലെ ടെക്നിക്കൽ അംഗങ്ങളുടെ നിയമനം എന്നിവ സംബന്ധിച്ച അധികാരം അതത് സംസ്ഥാനങ്ങൾക്ക് നൽകുന്നതായിരിക്കും ഉചിതമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎൻ ബാലഗോപാൽ
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശിക ഇന്ന് നല്‍കുമെന്ന് ധനമന്ത്രി, എജി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കേരളത്തിനും കിട്ടും

അഞ്ച് കോടിയിൽ താഴെ ജനസംഖ്യ ഉള്ള സംസ്ഥാനങ്ങളിൽ ട്രൈബ്യൂണൽ രണ്ടു ബെഞ്ചിൽ അധികമാകരുത് എന്നാണ് ചർച്ചയില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടിയത്. കേരളത്തിൻ്റെ സവിശേഷ ഭൂമിശാസ്ത്രപ്രകാരം, കുറഞ്ഞത് മൂന്ന് ബെഞ്ചെങ്കിലും അർഹിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം കാര്യങ്ങളെല്ലാം തന്നെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകേണ്ടതാണെന്നും സംസ്ഥാനം വാദിച്ചു. ഈ അധികാരങ്ങൾ ഭാവിയിൽ കേവലം റൂൾ മാറ്റങ്ങളിലൂടെ നഷ്ട്ടമാകാതിരിക്കാൻ നിയമത്തിൽ തന്നെ ഇതുൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. നികുതി റിട്ടേണുകളുടെ ലേറ്റ് ഫീ ഈടാക്കുന്നതിലും, റിട്ടേൺ ഫയൽ ചെയ്യാതെ അസസ്സ്‌മെൻ്റിന് വിധേയരാകുന്ന നികുതിദായകർക്ക് റിട്ടേൺ തന്നെ ഫയൽ ചെയ്യാൻ അവസരം ഒരുക്കുന്ന വിധത്തിലും കൗൺസിൽ തീരുമാനം എടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in