'കേന്ദ്ര നടപടികൾ  സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു'

'കേന്ദ്ര നടപടികൾ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു'

സാമ്പത്തിക പ്രതിസന്ധിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Updated on
2 min read

എങ്ങനെയാണ് കേന്ദ്ര നടപടികൾ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത് ?

രണ്ടുദാഹരണങ്ങൾ പറയാം

1) ഡിവിസിബിൾ പൂൾ

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതികളുടെ 59 ശതമാനം കേന്ദ്രം എടുക്കുകയും ബാക്കി 41 ശതമാനം സംസ്ഥാനങ്ങൾക്ക് വീതം വച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്.

സംസ്ഥാനങ്ങൾക്കിടയിൽ വീതം വെച്ച് നൽകേണ്ടുന്ന ഈ 41 ശതമാനത്തിനെ വിളിക്കുന്ന പേരാണ് ഡിവിസിബിൾ പൂൾ. ഡിവിസിബിൾ പൂളിൽ നിന്ന് തുക സംസ്ഥാനങ്ങൾക്കിടയിൽ വീതംവയ്ക്കാനുള്ള അനുപാതം തീരുമാനിക്കുന്നത് കേന്ദ്ര ധനകാര്യ കമ്മീഷനാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് (1995-2000) കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതം 3.87 ശതമാനം ആയിരുന്നു. അതായത് സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടുന്ന ഡിവിസിബിൾ പൂളിലെ 100 രൂപയിൽ 3.87 രൂപ കേരളത്തിനുള്ളതായിരുന്നു. അത് കുറച്ചു കുറച്ചു കൊണ്ടുവന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ (2020-25) കാലമായപ്പോഴേക്കും 1.925 ശതമാനം ആക്കി. അതായത് കേരളത്തിന്റെ വിഹിതം പകുതിയിൽ താഴെയായി കുറച്ചു.

ഇപ്പോൾ ഒരു വർഷം ഈ ഇനത്തിൽ കേരളത്തിനു ലഭിക്കുന്നത് 18000 കോടി രൂപയോളമാണ്. ചുരുങ്ങിയത് 18,000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തിയിരിക്കുന്നു.

സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടുന്ന ഡിവിസിബിൾ പൂളിലെ 100 രൂപയിൽ 3.87 രൂപ കേരളത്തിനുള്ളതായിരുന്നു. അത് കുറച്ചു കൊണ്ടുവന്ന് കേരളത്തിന്റെ വിഹിതം പകുതിയിൽ താഴെയായി കുറച്ചു

2) ജി എസ് ടി

2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജി എസ് ടി നടപ്പിലാക്കിയത്. ജിഎസ്ടി നടപ്പിൽ വന്ന ആദ്യകാലങ്ങളിൽ റവന്യൂ ന്യൂട്രൽ റേറ്റ് 16 ശതമാനമായിരുന്നു. എന്നുവച്ചാൽ 100 രൂപയുടെ സാധനങ്ങളും സേവനങ്ങളും സമൂഹത്തിൽ കൈമാറ്റം ചെയ്യപ്പെടുമ്പോൾ, നികുതിയായി 16 രൂപ സംസ്ഥാന സർക്കാരിന് ലഭിക്കുമായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ വൻകിട ബിസിനസുകാരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി ആഡംബര വസ്തുക്കളുടെ നികുതിയിൽ കേന്ദ്രം വൻ കുറവ് വരുത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ആഡംബര വസ്തുക്കളുടെ നികുതി കുറവു ചെയ്തതുകൊണ്ട് സാധനങ്ങളുടെ വിലയിൽ കുറവ് വന്നിട്ടില്ലെന്നും, ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നുമാണ്. നികുതി കുറഞ്ഞ തക്കത്തിന് സാധനങ്ങളുടെ വില കൂട്ടി വ്യാപാരികൾ ലാഭം കൂട്ടുകയാണ് ചെയ്തത്.

നികുതി സംവിധാനം വിപുലീകരിക്കപ്പെടുമെന്നും നികുതി വരുമാനം വർധിക്കും എന്നും പറഞ്ഞുകൊണ്ട് നിലവിൽ വന്ന ജിഎസ്ടി, സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വരുമാന നഷ്ടമാണ് സൃഷ്ടിച്ചത്. 16 രൂപയിൽ നിന്ന് 11 രൂപയിലേക്ക് റവന്യൂ ന്യൂട്രൽ റേറ്റ് പോകുമ്പോൾ, കേരളത്തിന്റെ നികുതി വരുമാനത്തിൽ മൂന്നിലൊന്ന് കുറവാണുണ്ടാകുന്നത്. കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം 24,000 കോടി രൂപയാണ്. നടപ്പുവർഷം നാം പ്രതീക്ഷിക്കുന്ന ജിഎസ്ടി വരുമാനം 30,000 കോടി രൂപയാണ്. ശരിക്കും സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിന്റെ മൂന്നിൽ രണ്ടു മാത്രമാണ് ഈ 30,000 കോടി രൂപ. പഴയ റവന്യൂ ന്യൂട്രൽ റേറ്റ് ആയിരുന്നെങ്കിൽ ഏകദേശം 45,000 കോടി രൂപയാകുമായിരുന്നു സർക്കാരിന്റെ വരുമാനം. അതായത് 15,000 കോടിയുടെ അധിക വരുമാനം സർക്കാരിന് ഉണ്ടാകുമായിരുന്നു.

നികുതി സംവിധാനം വിപുലീകരിക്കപ്പെടുമെന്നും നികുതി വരുമാനം വർധിക്കും എന്നും പറഞ്ഞുകൊണ്ട് നിലവിൽ വന്ന ജിഎസ്ടി, സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വരുമാന നഷ്ടമാണ് സൃഷ്ടിച്ചത്. 16 രൂപയിൽ നിന്ന് 11 രൂപയിലേക്ക് റവന്യൂ ന്യൂട്രൽ റേറ്റ് പോകുമ്പോൾ, കേരളത്തിന്റെ നികുതി വരുമാനത്തിൽ മൂന്നിലൊന്ന് കുറവാണുണ്ടാകുന്നത്.

ഇവ രണ്ടും കൂടി ചേർത്താൽ തന്നെ 33,000 കോടി രൂപയുടെ വരുമാനം അധികമായി നമുക്ക് ലഭിച്ചേനെ. ഈ പണം ലഭിക്കുമായിരുന്നെങ്കിൽ നമുക്ക് പുറത്തുനിന്ന് അധികമായി കടമെടുക്കേണ്ടി പോലും വരുമായിരുന്നില്ല.

ഈ നയം തിരുത്തപ്പെടണം.

നമ്മുടെ നാട്ടിൽ നിന്ന് പിരിച്ചെടുത്തു കൊണ്ടുപോകുന്ന നികുതിയുടെ അർഹമായ സംസ്ഥാന വിഹിതം നീതിയുക്തമായി നമുക്ക് ലഭിക്കുക തന്നെ വേണം.

logo
The Fourth
www.thefourthnews.in