വനിതാ സംരംഭകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കും; വനിതാ ദിനത്തിൽ പുത്തൻ പ്രഖ്യാപനങ്ങളുമായി വ്യവസായ വകുപ്പ്
സ്വന്തം സംരംഭം എന്ന് സ്വപ്നം കാണുന്ന മലയാളി വനിതകൾക്കായി, വനിതാ ദിനത്തിൽ പുത്തൻ പ്രഖ്യാപനം നടത്തുകയാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തിൽ കൂടുതൽ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ വനിതാ സംരംഭങ്ങൾക്ക് ഗ്രാന്റായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. വനിതാ ദിനത്തിൽ സംഘടിപ്പിച്ച വനിതാ സംരംഭകരുടെ സംഗമ വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
പത്ത് ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള സംരംഭത്തിനാണ് പരമാവധി അഞ്ച് ലക്ഷം രൂപയാണ് നൽകുക. അതിൽ കുറവുള്ളവർക്ക് മുതൽ മുടക്കിന്റെ അമ്പത് ശതമാനവും ഗ്രാന്റ് നൽകും. കൂടുതൽ ചെലവ് വരുന്ന സംരംഭങ്ങൾക്ക് ബാങ്കുകളുമായി ബന്ധപ്പെട്ട് സർക്കാർ സഹായം ഉറപ്പുവരുത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വിവിധ ജില്ലകളിൽ ആരംഭിച്ച വനിതകളുടെ സംരംഭക അനുഭവങ്ങൾ പങ്കുവയ്ക്കാനും പരിചയപ്പെടുത്താനുമുള്ള വേദിയായി സംരംഭക സംഗമം മാറി. ആരോഗ്യ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ കൂടുതൽ താത്പര്യത്തോടെ സംരംഭക മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷയാണെന്ന് മന്ത്രി പറഞ്ഞു.
വനിതകൾക്ക് ആത്മവിശ്വാസം നൽകാനും കൂടുതൽ പേരെ ആകർഷിക്കാനും വനിതാ സംരംഭക സംഗമം കൊണ്ട് സാധിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം 50 ശതമാനത്തിലധികം സ്ത്രീകളെ സംരംഭകരാക്കുക എന്നുള്ളതാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ ഐഎഎസും വ്യക്തമാക്കി. വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറോളം സ്ത്രീകളാണ് വനിതാ സംരംഭക സംഗമത്തിന്റെ ഭാഗമായത്.