കടമെടുപ്പിൻ്റെ കേരള മോഡൽ
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി വലിയ ചർച്ചയാണ്. ഇക്കാര്യത്തിൽ സിപിഎമ്മിൽനിന്ന് തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുമ്പോൾ, അങ്ങനെയൊന്നുമില്ലെന്ന നിലപാടിലായിരുന്നു മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. എന്തായാലും കഴിഞ്ഞ ദശാബ്ദത്തിൽ പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ സംസ്ഥാനത്തെ കടത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കടത്തെ സംബന്ധിച്ച ഭിന്ന വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഫെഡറൽ സംവിധാനത്തിനുള്ളിൽ വായ്പ വാങ്ങലിന് പരിധിയുള്ള, വിഭവ ശേഖരണത്തിന് പരിമിതികളുള്ള ഒരു സംസ്ഥാനം എങ്ങനെ മുന്നോട്ടുപോകുമെന്നത് വലിയ ചർച്ചയായിരിക്കുകയാണ്.
നികുതി പിരിവ് ഊര്‍ജിതമാക്കുമെന്ന നടപടി മാത്രമാണ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴിയായി സര്‍ക്കാര്‍ പറയുന്നത് . ഇതിനുപുറമെ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക, വിഭവസമാഹരണം വര്‍ധിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നുണ്ടെങ്കിലും ഇവയൊന്നും നടപ്പിലാക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കെ എന്‍ ബാലഗോപാലിന്റെ ബജറ്റില്‍ പോലും വരുമാനം വര്‍ധിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ഉണ്ടായിരുന്നില്ലെന്നതാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ മാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ കടമെടുത്തത് 5000 കോടി രൂപ. വരുംമാസങ്ങളിലും ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല. അടുത്തമാസത്തോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും . ജൂലൈ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കാനിടയില്ല. ( 2017 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ജി എസ് ടി നഷ്ടപരിഹാരം ലഭിക്കുന്നത്) കാലാവധി നീട്ടണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തില്‍ കേന്ദ്രം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. കാലാവധി നീട്ടിയില്ലെങ്കില്‍ ഇതുവഴി 11000 കോടി രൂപയാണ് കേരളത്തിന് നഷ്ടമാവുക. ഇത് മറികടക്കാന്‍ കൂടുതല്‍ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ വീണ്ടും നിര്‍ബന്ധിതരാകും. എന്നാല്‍ പരിധിയില്‍ കൂടുതല്‍ തുക ഇപ്പോള്‍ തന്നെ കടമെടുത്തിട്ടുള്ളതിനാല്‍ കൂടുതല്‍ വായ്പ എടുക്കുന്നതിന് കേന്ദ്രാനുമതി ലഭിക്കാനിടയില്ല
ശമ്പളവും പെന്‍ഷനും മുടങ്ങിയാല്‍ സാമ്പത്തിക അരാജകത്വം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്ന ഗുരുതര സ്ഥിതി കേരളത്തിന് മുന്നിലുണ്ട്. അതിനാല്‍ തന്നെ സുതാര്യതയ്ക്കപ്പുറം പ്രതിസന്ധി മറികടക്കുന്നതിനാകും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. നിലവിലെ സര്‍ക്കാരിന്റെ പല സാമ്പത്തിക നയങ്ങളും സുതാര്യവുമല്ല. ശമ്പള പരിഷ്‌കരണം മൂലം സര്‍ക്കാരിന് 25000കോടി രൂപയുടെ അധികബാധ്യതയുണ്ടായിട്ടുണ്ട്. കടമെടുത്ത് നടത്തുന്ന ഇത്തരം നടപടികളുടെ ആനൂകൂല്യം ലഭിക്കുന്നത് മധ്യവര്‍ഗത്തിനും .ഇതിന്റെയെല്ലാം ഭാരം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരനാണ്. സര്‍ക്കാരിന്റെ 62 ശതമാനം വിഭവസമാഹരണവും മദ്യം, പെട്രോള്‍, ലോട്ടറി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് . ജോസ് സെബാസ്റ്റിയന്‍
വായ്പ എടുക്കുന്നതിനെക്കുറിച്ച് ശരിയായ ആലോചന സര്‍ക്കാരിന് ഇല്ലെന്ന വിമര്‍ശനമാണ് ചില സാമ്പത്തിക വിദഗ്ധര്‍ ഉന്നയിക്കുന്നത്.ഇതിന് പുറമെയാണ് 63,941 കോടി രൂപ ചെലവുവരുന്ന കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാനുള്ള ശ്രമം.
സര്‍ക്കാരിന്റെ റവന്യൂ ചെലവുകള്‍ ( ശമ്പളം, പെന്‍ഷന്‍, മറ്റു ഭരണചെലവുകള്‍ ) കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട് ധനമന്ത്രി പലകുറി അവകാശപ്പെട്ട ചെലവുചുരുക്കല്‍ പ്രക്രിയയും കാര്യക്ഷമമല്ല.
മുഖ്യമന്ത്രിക്ക് പുതിയ വാഹനം ( കിയ കാര്‍ണിവല്‍ , ക്ലിഫ് ഹൗസില്‍ 40 ലക്ഷത്തിലേറെ മുടക്കി നവീകരണവും കാലിതൊഴുത്ത് നിര്‍മ്മാണവും) മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലടക്കമുള്ള കുത്തിതിരുകലുകളും , നികുതി പിരിവിലെ ഉദാസീനതയുമൊക്കെ സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നുണ്ട്.
"റവന്യൂവരുമാനത്തിന്റെ പല സ്രോതസ്സുകളും നമുക്ക് അടഞ്ഞു പോയി. അതിലൊന്ന് വനത്തില്‍ നിന്നുളള വരുമാനമായിരുന്നു. പഴയ തിരുവിതാംകൂറിലും തമിഴ്നാടിന്റെ ഭാഗമായിരുന്ന മലബാറിലും ഇന്ന് അത്തരം വരുമാനങ്ങള്‍ നിലച്ചു. കാര്‍ഷിക നികുതി ഫലത്തില്‍ ഇല്ലാതായി. നമ്മുടെ നികുതി വരുമാനം എന്നുപറയുന്നത് സെയില്‍സ് ടാക്സിന്റെ പുതിയ രൂപമായ ജിഎസ്ടി മാത്രമാണ്" സി പി ജോണ്‍
ജനങ്ങളെ എങ്ങനെ ബാധിക്കും
കടം കൂടുന്നതിന് അനുസരിച്ച് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും . ഇത് നികുതിദായകരില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും . കൊച്ചി മെട്രോ ലൈനിന് ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50 % വര്‍ധിപ്പിക്കാനുള്ള നീക്കം ഇതുമായി ബന്ധപ്പെടുത്തി കാണാവുന്ന ഒന്നാണ്.
സേവന നിരക്കുകള്‍ ഉയർത്തേണ്ടിവരും ( ഉദാ: കെ എസ് ഇ ബി നിരക്ക് വര്‍ധന) നിത്യോപയോഗസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിക്കും.
എങ്ങനെ മറികടക്കാം
വായ്പകള്‍ക്ക് സ്വയം നിയന്ത്രണമേര്‍പ്പെടുത്തുക
വിഭവ സമാഹരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക
ഉല്‍പാദന മേഖലയെ ത്വരിതപ്പെടുത്തുക നികുതി പിരിവ് ത്വരിതപ്പെടുത്തുക
ഇവ മാത്രമാണ് കടം കുറച്ച് നില മെച്ചപ്പെടുത്താന്‍ ഉതകുന്ന വഴികള്‍
പക്ഷെ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ കടമെടുക്കുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടി. നിലവിലെ സമീപനം തുടര്‍ന്നാല്‍ അടുത്ത മാര്‍ച്ച് ആകുമ്പോഴെക്കും സംസ്ഥാന കടം 3,89,278 കോടി രൂപയ്ക്ക് മേലെയാകുമെന്നാണ് വിലയിരുത്തല്‍. കണക്കെണിയിലേക്ക് സംസ്ഥാനം അകപെടുമെന്ന ആശങ്കയും ഇതൊടൊപ്പം വർധിക്കും.