സിഎംആര്‍എല്ലുമായി സാമ്പത്തിക ഇടപാട്: വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയും കൊച്ചിയിലെ സി എം ആര്‍ എല്‍ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഇല്ലാത്ത സേവനത്തിന്റെ പേരില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് പ്രതിഫലം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഡ്വ. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരിഗണിക്കുക.
നിലവില്‍ നടക്കുന്ന കേന്ദ്ര കോര്‍പറേറ്റ് മന്താലായത്തിന്റെ അന്വേഷണത്തിനെതിരെ ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണം ഏല്‍പിച്ചത്. എന്നാല്‍ ഈ വകുപ്പ് പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ( എസ്എഫ്‌ഐഒ) അന്വേഷണമാണ് വേണ്ടെതെന്നും ആവശ്യപെട്ടാണ് ഉപഹര്‍ജി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന് വിധേയമാക്കപ്പെടാന്‍ തക്കവണ്ണം കുറ്റങ്ങള്‍ കമ്പനി ഉടമകള്‍ നടത്തിയിട്ടുണ്ടെന്നുമാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട്. ഈ റിപോര്‍ട്ട് ഹാജരാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്പാകെ കമ്പനി അധികൃതര്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നല്‍കിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം. ഇതില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഷോണിന്റെ ആരോപണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലവില്‍ ഹര്‍ജിക്കാരന്റെ തന്നെ പരാതിയില്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഈ ഉത്തരവ് ഇന്ന് കേന്ദ്രം കോടതിയില്‍ ഹാജരാക്കിയേക്കും.