ട്രെയിനിൽ യാത്രികരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; എട്ട് പേർക്ക് പരുക്ക്, സംഭവം കോഴിക്കോട് എലത്തൂരില്‍
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് സംഭവം. ഡി വണ്‍ കോച്ചിലാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. യാത്രികര്‍ക്ക് മേല്‍ അക്രമി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമി ഓടി രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു.
ഗുരുതരമായി പരുക്കേറ്റ പ്രിന്‍സ് എന്ന യാത്രക്കാരനെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും, മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരുക്കേറ്റവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
കോഴിക്കോട് എലത്തൂരിൽ കോരപ്പുഴ പാലത്തിന് സമീപം വച്ചായിരുന്നു സംഭവം
കോഴിക്കോട് എലത്തൂരില്‍ കോരപ്പുഴ പാലത്തിന് സമീപം വച്ചായിരുന്നു സംഭവം. മൂന്ന് സഹയാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് തീ കൊളുത്താന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. തീ പടര്‍ന്നപ്പോള്‍ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
കോരപ്പുഴ പാലത്തിന്റെ മുകളില്‍ ടെയ്രിന്‍ നിന്നത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. ഉടന്‍ തന്നെ പോലീസും, ഫയര്‍ഫോഴ്‌സും അപകട സ്ഥലത്തെത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. അക്രമിക്കായി പോലീസ് തിരച്ചിലാരംഭിച്ചു.
കതിരൂര്‍ സ്വദേശി അനില്‍ കുമാര്‍, മകന്‍ അദ്വൈദ്, ഭാര്യ സജിഷ, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, റൂബി എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. അക്രമം നടന്ന സ്ഥലത്ത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധന നടത്തി.