ഡോ അലെയ്ഡ ഗുവേര
ഡോ അലെയ്ഡ ഗുവേര

പ്രഥമ ഗൗരിയമ്മ പുരസ്‌കാരം അലെയ്ഡ ഗുവേരയ്ക്ക് ;മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തനങ്ങള്‍ക്ക് അംഗീകാരം

2023 ജനുവരി 5 ന് പുരസ്‌ക്കാരം സമര്‍പ്പിക്കും
Updated on
1 min read

പ്രഥമ ഗൗരിയമ്മ പുരസ്‌ക്കാരം ക്യൂബക്കാരിയും ഡോക്ടറും ക്യൂബൻ വിപ്ലവ നായകൻ ഏർണസ്റ്റോ ചെഗുവേരയുടെ മകളുമായ അലെയ്ഡ ഗുവേരയ്ക്ക്. മനുഷ്യാവകാശ സാമൂഹിക മേഖലയില്‍ അലെയ്ഡ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവരെ പുരസ്‌കാരത്തി ന് അര്‍ഹയാക്കിയത്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പോരാടുന്ന വ്യക്തി കൂടിയാണ് അലെയ്ഡ.

ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും പുനരധിവാസത്തിനുമായി ഒട്ടേറേ പ്രയത്‌നിച്ച അവര്‍ക്ക് ആ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനുമായി. അതോടൊപ്പം മൂന്നാം ലോകരാഷ്ട്രങ്ങളുടെ കടാശ്വാസത്തിനായുള്ള അലെയ്ഡോയുടെ വാദങ്ങളും പ്രയത്നങ്ങളും ഏറെ ശ്രദ്ധേയമാണ്.ലാറ്റിനമേരിക്കയിലെ കുട്ടികളുടെ ആരോഗ്യ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന ക്യൂബന്‍ മെഡിക്കല്‍ മിഷനിലെ സജീവാംഗം കൂടിയാണ് ഡോ. അലെയ്ഡ ഗുവേര.

കേരളത്തിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ഗൗരിയമ്മയുടെ സ്മരണക്കായി കെ ആര്‍ ഗൗരിയമ്മ ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത് . സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സിപിഎം കേന്ദ്ര സെക്രട്ടറി ബിനോയ് വിശ്വം ഡോ പി സി ബീനാകുമാരി എന്നിവരടങ്ങിയ ജൂറിയാണ് അലെയ്ഡ ഗുവേരയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത് .3000 അമേരിക്കന്‍ ഡോളറും ഒരു ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട അവാര്‍ഡ് 2023 ജനുവരി 5-ാം തീയതി 11.30 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ. അലെയ്ഡക്ക് സമ്മാനിക്കും. ആലപ്പുഴ പ്രസ് ക്ലബ്ബില്‍ എം എ ബേബി, ബിനോയ് വിശ്വം എന്നിവർ ചേർന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്

logo
The Fourth
www.thefourthnews.in