അഴീക്കോടൻ രക്തസാക്ഷിത്വത്തിന് അൻപതാണ്ട്; ആ കത്ത് എവിടെയായിരിക്കും?
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവും മികച്ച സംഘാടകനും പ്രാസംഗികനുമായ സഖാവ് അഴീക്കോടൻ രാഘവന്റെ ഓർമകൾക്ക് അഞ്ച് പതിറ്റാണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച കമ്മ്യൂണിസ്റ്റ്. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് സംഘടനാ രംഗത്തേക്കു കടന്ന് വന്ന അഴീക്കോടൻ, കോൺഗ്രസ്സിൽ നിന്നും സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ നേതാവാണ്. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ തന്നെ ഉറച്ചുനിൽക്കുകയും പാർട്ടിയിലെ വിമത നീക്കങ്ങൾക്കെതിരെ എക്കാലവും ശക്തമായ നിലപാടുകളെടുക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ്.
തൃശൂർ ചെട്ടിയങ്ങാടിയിലെ ഓവുചാലിനരികിലാണ് അഴീക്കോടൻ രാഘവൻ കുത്തേറ്റ് വീണത്. കൃത്യമായി പറഞ്ഞാൽ 1972 സെപ്റ്റംബർ 23ന് രാത്രി 9.15നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന അഴീക്കോടൻ രാഘവൻ കൊല്ലപ്പെടുന്നത്. അഴീക്കോടൻ കൊല്ലപ്പെട്ട് അൻപത് വർഷങ്ങൾ തികയുമ്പോഴും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത.
തട്ടിൽ എസ്റ്റേറ്റും കെ കരുണാകരനും
സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന കാലം. കരുണാകരന്റെ സ്വന്തം തട്ടകമായ തൃശൂരിൽ പുതിയ കാർഷിക ഗവേഷണ സർവകലാശാല സ്ഥാപിക്കാൻ മണ്ണുത്തിയിലുള്ള തട്ടിൽ എസ്റ്റേറ്റിന്റെ 936 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കരുണാകരൻ ഉറപ്പിച്ച രണ്ടു കോടി രൂപയ്ക്ക് തന്നെ സ്ഥലം വാങ്ങാൻ മന്ത്രി സഭയിൽ തീരുമാനമായി. 50 ലക്ഷം രൂപ അഡ്വാൻസ് വേണമെന്ന് തട്ടിൽ എസ്റ്റേറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. അത് ഉടനെ നൽകാമെന്നും ഉറപ്പ് നൽകി.
എന്നാൽ ലക്ഷക്കണക്കിന് രൂപ എസ്റ്റേറ്റ് ഉടമയിൽനിന്നും സിപിഐ കൈക്കൂലി വാങ്ങിയാണ് ഭൂമി ഏറ്റെടുക്കാൻ മന്ത്രി സഭയിൽ തീരുമാനമായതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം വിഷയം ആളിക്കത്തിച്ചു. വിവാദമായപ്പോൾ കരുണാകരന്റെ എതിർപ്പ് മറികടന്ന് റവന്യൂ ബോർഡ് മെമ്പർ കെ.കെ. രാമൻകുട്ടി ഐഎഎസിനെ അന്വേഷണ കമ്മിഷനായി അച്യുതമേനോൻ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെയ്ക്കുന്നതായിരുന്നു കമ്മിഷന്റെ കണ്ടെത്തലുകൾ.
തട്ടിൽ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്നും കാർഷിക സർവകലാശാലയ്ക്ക് ജലസേചന സൗകര്യം ഇല്ലെന്നുമായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. എന്നാൽ ഇതൊന്നുമല്ല ശരിക്കുമുളള വിവാദം. രണ്ടുകോടി വിലയിട്ട ഈ ഭൂമിക്ക് 35 ലക്ഷം രൂപ കൂടി വില വരുന്നില്ല എന്ന കമ്മീഷന്റെ കണ്ടെത്തൽ ഒരുതരത്തിൽ അച്യുതമേനോനെ വരെ ഞെട്ടിപ്പിച്ചു.
വിവാദം ഇവിടം കൊണ്ടും അവസാനിച്ചില്ല. വിഷയത്തിൽ, സർക്കാരിന് അനുകൂലമായ കമ്മീഷൻ റിപ്പോർട്ട് നൽകുകയാണെങ്കിൽ പുതിയ കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലറായി കെ.കെ. രാമൻകുട്ടിയെ നിയമിക്കാമെന്ന് ചീഫ് സെക്രട്ടറി കെ.പി.കെ. മേനോൻ ഉറപ്പ് നൽകി എന്നും കമ്മിഷൻ കണ്ടെത്തി. ഇതോടെ അച്യുതമേനോൻ മന്ത്രി സഭയുടെ മുഖം രക്ഷിക്കാനുളള നീക്കങ്ങളിലായി. അതിനായി സിറ്റിങ്ങ് ജഡ്ജി എം.യു. ഐസക്കിനെ വെച്ചു വീണ്ടും അന്വേഷണം നടത്തി. എന്നാൽ ഐസക് കമ്മിഷൻ നൽകിയ റിപ്പോർട്ടിലും മാറ്റങ്ങളൊന്നും ഉണ്ടായില്ല.
നവാബ് രാജേന്ദ്രനും ഗോവിന്ദന്റെ കത്തും
പ്രതിപക്ഷം ഉയർത്തിയ വിവാദത്തിന് പിന്നാലെ നവാബ് രാജേന്ദ്രൻ 1972 ഏപ്രിൽ ഒന്നിന് നവാബ് വാരികയിലൂടെ പുറത്ത് കൊണ്ടുവന്ന വിവരങ്ങൾ ഭരണാസിരാ കേന്ദ്രങ്ങളെ കൂടുതൽ കുരുക്കിലാക്കി. തട്ടിൽ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് ആഭ്യന്തരമന്ത്രി കരുണാകരൻ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവാബിൽ വന്ന വാർത്ത. കൂടാതെ, എസ്റ്റേറ്റ് മാനേജർ വി.വി. ജോണിനോട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.വി. അബൂബക്കറിന് പതിനായിരം രൂപ നൽകാൻ മന്ത്രി നിർദ്ദേശിച്ചതായി കരുണാകരന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ഗോവിന്ദൻ അയച്ച കത്തിന്റെ ഫോട്ടോസ്റ്റാറ്റും വാർത്തയ്ക്കൊപ്പം വന്നിരുന്നു. അത് കരുണാകരൻ എന്ന ആഭ്യന്തര മന്ത്രിയെ വെറുതെയിരിക്കാൻ അനുവദിച്ചില്ല.
ഏതുവിധേനയും കത്ത് പിടിച്ചെടുക്കണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ജയറാം പടിക്കലിനോട് ആഭ്യന്തരവകുപ്പ് നിർദേശിക്കുന്നതോടെ കാര്യങ്ങൾ പാടേ മാറുന്നതാണ് പിന്നെ കാണുന്നത്. ജയറാം പടിക്കലിനെ സംബന്ധിച്ച് നവാബിനെ പിടിക്കുകയായിരുന്നു ലക്ഷ്യം. 1972 ഏപ്രിൽ 15ന് തൃശൂർ കേരള കൗമുദി ഓഫീസിനു പുറത്ത് നിന്നും നവാബ് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് വാൻ നേരെ പോയത് നവാബിന്റെ വീട്ടിലേക്കായിരുന്നു. വീടുമൊത്തം നോക്കിയിട്ടും കത്ത് മാത്രം കിട്ടിയില്ല. ശേഷം നവാബിനെ ടൗൺ സ്റ്റേഷനിൽ എത്തിച്ചു. ആ രാത്രി നവാബ് നേരിട്ടത് പോലീസിന്റെ വക ക്രൂര മർദ്ദനമായിരുന്നു.മർദ്ദനത്തിൽ രാജേന്ദ്രന്റെ മുൻവരിയിലെ പല്ലുകൾ രണ്ടെണ്ണം നഷ്ടമായി. പിറ്റേന്ന് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്റെ ഇടപെടലിനെ തുടർന്ന് നവാബിനെ പോലീസ് വിട്ടയച്ചു. അവിടെ നിന്നും നവാബ് ചെന്നത് അഴീക്കോടന്റെ അടുത്തായിരുന്നു. കാര്യങ്ങൾ അഴീക്കോടനെ ധരിപ്പിച്ച് നവാബ് അവിടെ നിന്നും മടങ്ങി.
ജയറാം പടിക്കൽ എന്ന സൂത്രധാരൻ
കോടതി നവാബിനെ വെറുതെ വിട്ടെങ്കിലും എസ്പി ജയറാം പടിക്കൽ നവാബിനെ അങ്ങനെയങ്ങ് വിടാൻ ഉദ്ദേശിച്ചിരുന്നില്ല. നവാബിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. എന്നാൽ അത് പുറം ലോകം അറിഞ്ഞിരുന്നില്ല എന്നതാണ് നവാബിനെ കുടുക്കിലാക്കിയത്. കത്ത് എവിടെയെന്ന ജയറാമിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അധികനേരം പിടിച്ച് നിൽക്കാൻ നവാബിന് കഴിഞ്ഞില്ല. ആദ്യം അച്യുതമേനോൻ ആണ് കത്ത് നൽകിയതെന്ന് കളളം പറഞ്ഞ നവാബ് പോലീസ് മദ്യം കൊടുത്തപ്പോൾ കത്ത് സഖാവ് അഴീക്കോടൻ രാഘവന്റെ അടുത്തുണ്ടെന്ന് പറഞ്ഞു. എന്നാൽ നവാബ് രാജേന്ദ്രൻ എന്ന അന്വേഷണാത്മക പത്രപ്രവർത്തകന് മുന്നിൽ, താൻ കസ്റ്റഡിയിലാണെന്ന കാര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. അതിന് നവാബ് തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു സഖാവ് അഴീക്കോടൻ രാഘവൻ.
തുടർന്ന് അഴീക്കോടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങളാണ് ജയറാം പടിക്കൽ നടത്തിയത്. അതിനായി പോലീസ് നവാബിനെയും കൊണ്ട് അഴീക്കോടന്റെ കണ്ണൂരുളള പള്ളിക്കുന്നിലെ വീട്ടിലെത്തി. കത്ത് തിരക്കിയ പോലീസിനോട് അഴീക്കോടൻ പറഞ്ഞത് ഇത്തരം കത്തുകളും രേഖകളൊന്നും ഞങ്ങൾ പാർട്ടിക്കാർ വീട്ടിൽ സൂക്ഷിക്കാറില്ലെന്നും അതൊക്കെ ഓഫീസിലാണെന്നുമാണ്. കൂടാതെ, അറസ്റ്റ് ചെയ്യുവാണെങ്കിൽ ഇ.എം.എസ്സിനേയും തന്നെയും അറസ്റ്റ് ചെയ്യാനും അഴീക്കോടൻ പോലീസിനോട് പറഞ്ഞു.
അഴീക്കോടൻ ഇടപെടുന്നു...
തൊട്ടടുത്ത ദിവസം അഴീക്കോടൻ പത്രസമ്മേളനം വിളിച്ച് കൂട്ടി നവാബ് രാജേന്ദ്രൻ പോലീസ് കസ്റ്റഡിയിലാണെന്ന കാര്യം പുറംലോകത്തെ അറിയിച്ചു . തുടർന്ന് നവാബിനെ പോലീസ് കോടതിയിൽ ഹാജരാക്കി. മർദനത്തിൽ അവശനായ നവാബിനെ അഴീക്കോടനും വീരേന്ദ്രകുമാറും ചേർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. നവാബിന്റെ വിഷയത്തിൽ അന്നത്തെ സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാറിന്റെ പങ്കും വളരെ വലുതായിരുന്നു.
എന്നാൽ കരുണാകരന്റെ പി.എ ആയിരുന്ന ഗോവിന്ദൻ, നവാബിൽ അച്ചടിച്ചു വന്ന കത്ത് തനിക്ക് അപകീർത്തികരമാണെന്നു കാണിച്ച് തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. സെപ്റ്റംബർ 25ന് കത്തിന്റെ ഒറിജിനൽ കോടതിയിൽ ഹാജരാക്കണമെന്ന് നവാബിനോട് ആവശ്യപ്പെട്ടു. കത്ത് കോടതിയിൽ ഹാജരാക്കുമെന്ന് സെപ്റ്റംബർ 15ന് അഴീക്കോടൻ പ്രസ്താവനയും ഇറക്കി. കൂടാതെ, തട്ടിൽ എസ്റ്റേറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട് കരുണാകരന് എതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ സെപ്റ്റംബർ 24ന് തൃശൂരിൽ പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗവും അഴീക്കോടൻ തീരുമാനിച്ചു.
സെപ്റ്റംബർ 22-ാം തിയതി അഴീക്കോടൻ പാർട്ടിയോഗങ്ങളിൽ പങ്കെടുക്കുന്നതിനായി തൃശൂരിൽ വന്നു. 23-ാം തീയതി രാവിലെ എറണാകുളത്ത് പോയ അഴീക്കോടൻ, തിരികെ രാത്രി ഒൻപതു മണിയോടെ തൃശൂർ ചെട്ടിയങ്ങാടി എത്തി. സ്ഥിരം താമസിക്കുന്ന പ്രീമിയർ ലോഡ്ജിലേക്ക് നടന്നു. കക്ഷത്തിൽ സ്ഥിരമായുള്ള കറുത്ത ബാഗുമായി നടന്ന് വരികെ പിഎംഎ ഫ്രൂട്ട് സ്റ്റാളിനു മുന്നിലെത്തിയപ്പോൾ അഴീക്കോടന് നേരെ അഞ്ചാറുപേർ ചാടിവീണു. രണ്ടുപേർ ചേര്‍ന്ന് അഴിക്കോടന്‍ രാഘവന്റെ കൈ രണ്ടും പുറകിലേയ്ക്ക് പിടിച്ചു വയ്ക്കുകയും ഒരാൾ നെഞ്ചിനു നേരെ കത്തി കുത്തിയിറക്കുകയുെ ചെയ്തു. ചെട്ടിയങ്ങാടിയിലെ ഓവുചാലിനരികിൽ വീണ അഴീക്കോടന്റെ സമീപം ആ കറുത്ത ബാഗുണ്ടായിരുന്നുവെങ്കിലും ആ കത്ത് അതിൽ ഇല്ലായിരുന്നു. അഴീക്കോടൻ ജീവിച്ചിരുന്നുവെങ്കിൽ കരുണാകരൻ നടത്തിയ അഴിമതി പുറത്ത് വരികയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ പാടേ മാറുകയും ചെയ്യുമായിരുന്നു.
കൊലയ്ക്ക് പിന്നിൽ നക്സലുകളോ?
1970 കാലത്ത് സിപിഎമ്മിന് അകത്തുളള ഭിന്നതകൾ മറനീക്കി പുറത്ത് വന്ന കാലം കൂടിയായിരുന്നു. തൃശൂരിൽ അന്ന് പാർട്ടിയിൽ നിന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പുറത്തായ ഏവി ആര്യന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് യൂണിറ്റി സെന്റർ (സിയുസി) എന്ന പാർട്ടി രൂപീകരിച്ചതും ഇതേ കാലത്തായിരുന്നു. സിയുസിയുടെ സംഘടനാ സ്വാധീനത്തെ തകർക്കാൻ ഇഎംഎസ് ചുമതലയേൽപ്പിച്ചത് അഴീക്കോടനെയായിരുന്നു. സിയുസി നക്‌സലൈറ്റ് സംഘടനയാണെന്ന വാദമാണ് അഴീക്കോടന്റെ നേതൃത്വത്തിൽ സിപിഎം ഉയർത്തിക്കൊണ്ടു വന്നത്. അതിൽ ഒതു പരിധി വരെ സിപിഎം വിജയിക്കുകയും ചെയ്തിരുന്നു.
അഴീക്കോടൻ വധത്തിന് പിന്നിൽ നക്സലുകളാണെന്ന വാദമുഖം ഉയർത്തിയതിന് പിന്നിലും എസ്പി ജയറാം പടിക്കലിന്റെ തലതന്നെയായിരുന്നു. എന്നാൽ അത് സിപിഎം അന്ന് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം. അഴീക്കോടനെ വധിക്കുക എന്നത് കരുണാകരന്റെ വിശ്വസ്തനായിരുന്ന ജയറാം പടിക്കലിന്റെ ചുമതലയായിരുന്നു. അഴീക്കോടൻ ജീവിച്ചിരിക്കരുത് എന്നത് കരുണാകരന്റെ ആവശ്യമായിരുന്നു. എന്നാൽ, അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടിട്ട് അഞ്ച് പതിറ്റാണ്ട് തികയുമ്പോഴും കൊലയ്ക്ക് പിന്നിലെ നിഗൂഢതകൾ ഇതുവരെ മറനീക്കി പുറത്ത് വന്നിട്ടില്ലെന്നതാണ് വസ്തുത.