ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി, നവംബര്‍ നാലിന് വിധി
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ നാലിന് വിധി. സംഭവം നടന്ന് 99-ാം ദിവസമാണ് വിധി വരുന്നത്. കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ഏക പ്രതി അസ്ഫാക് ആലത്തിനെതിരെ എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. അന്വേഷണവും കുറ്റപത്രം സമർപിക്കലും പോലീസ് വേഗത്തിൽ പൂർത്തീകരിച്ചിരുന്നു.
പെണ്‍കുട്ടിയെ ആലുവ മാർക്കറ്റിനടുത്തെത്തിച്ച് കൊലപ്പെടുത്തിയത് തെളിവ് നശിപ്പിക്കാനായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം 15 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം എറണാകുളം പോക്സോ കോടതിയിൽ പോലീസ് സമർപ്പിച്ചത്. സാധാരണ പോക്സോ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിക്കാൻ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തിൽ കുറ്റപത്രം തയ്യാറക്കി. അതേ വേഗതയിൽ വിചാരണയും പൂർത്തീകരിച്ചു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ആലുവയില്‍ താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ജ്യൂസ് വാങ്ങിക്കൊടുത്ത് വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാർക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞഭാഗത്ത് എത്തിത്തിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അടുത്ത ദിവസം രാവിലെ കുട്ടിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ഇരുവരെയും ആലുവ മാർക്കറ്റിൽ വച്ച് കണ്ട ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി പോലീസിനെ വിവരമറിയിച്ചതാണ് വഴിത്തിരിവായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. പലതവണ തെറ്റായ മൊഴിനൽകി പോലീസിനെ വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചെങ്കിലും വിദഗ്ധമായ ചോദ്യംചെയ്യലിലൂടെ പോലീസ് കേസ് തെളിയിച്ചു. പിന്നീട് അതിവേഗം തെളിവുകളും സമാഹരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്ന് 35-ാം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 62 തൊണ്ടി സാധനങ്ങളും സമർപ്പിച്ചിരുന്നു.